ജീവന് കാക്കാന്‍ മംഗളൂരുവില്‍ നിന്ന് ആംബുലന്‍സ് കുതിച്ചു തിരുവനന്തപുരത്തേക്ക്
കാസര്‍കോട്: രോഗിയുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടി മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലന്‍സ് ഡ്രൈവര്‍ ഉദുമയിലെ ഹസന്. കാസര്‍കോട് പള്ളം റോഡിലെ ഇബ്രാഹിമിനെ(68) മംഗളൂരു എ.ജെ ആശുപത്രിയില്‍ നിന്നു തിരുവനന്തപുരംശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ഹസന് ഏറ്റെടുത്തത്.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെ രോഗിയുമായി പുറപ്പെട്ട ആംബുലന്‍സിനു വഴിയൊരുക്കാന്‍ പൈലറ്റായി ഓടിയത് ഇതര ആംബുലന്‍സുകളാണ്. മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ മഞ്ചേശ്വരത്തെ ആംബുലന്‍സ് പൈലറ്റായി ഓടിയെത്തി. കാസര്‍കോട് നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങാതിരിക്കാന്‍ കാസര്‍കോട് സി.ഐ.അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ കടന്നു പോകുന്ന വഴിയില്‍ ഗതാഗതം അല്പ സമയം നിശ്ചലമാക്കി. ഓള് കേരള ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ആംബുലന്‍സ് കടന്നു പോകുന്ന വഴിയില്‍ പൊലിസ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാണ് ആംബുലന്‍സ് കടത്തിവിട്ടത്. വൈകുന്നേരം ഏഴോടെ ആംബുലന്‍സ് കോഴിക്കോട് കടന്നതായി വിവരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."