ശുചിത്വ മിഷനിലെ അഴിമതി ആരോപണങ്ങളില്‍ നടപടിയില്ല
തിരുവനന്തപുരം: ശുചിത്വമിഷനിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നെങ്കിലും നടപടിയില്ല.
20 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ അഴിമതി നടന്നുവെന്ന് കണ്ടെത്തിയെങ്കിലും മന്ത്രിയുടെ ഓഫിസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ വന്‍ സാമ്പത്തിക ബാധ്യത ശുചിത്വമിഷനുണ്ടാകുമെന്നും അതിനാല്‍ പുറത്തുവിടാനാകില്ലെന്നുമുള്ള മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്.
ശുചിത്വമിഷന്റെ പ്രഖ്യാപിത നയങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പല പദ്ധതികളും നടപ്പാക്കുന്നത്.
ആരോപണമുന്നയിച്ച സംരംഭകര്‍ക്ക് അന്വേഷണം നടക്കുകയാണെന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. പരാതിയുടെ ഫയല്‍ നമ്പറോ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ വിവരങ്ങളോ പുറത്തുവിടാന്‍ തയാറാകുന്നില്ല.
അതേസമയം, സംസ്ഥാനത്തെ ഖര, ദ്രവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് രൂപീകരിച്ച ശുചിത്വമിഷനില്‍ ഇതുവരെ മാലിന്യനിര്‍മാര്‍ജന വകുപ്പിന് ഡയരക്ടറെ നിയമിച്ചിട്ടില്ല.
ഇതിനുപുറമേ ശുചീകരണം, ഖരമാലിന്യ സംസ്‌കരണം, ദ്രവമാലിന്യ സംസ്‌കരണം എന്നീ വകുപ്പുകളും നാഥനില്ലാക്കളരിയാണ്. അതിനാല്‍ പല സംരംഭകരുടെയും പദ്ധതിക്ക് അംഗീകാരം കിട്ടുന്നത് വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."