ഗോകുലത്തിന് നെരോക്ക എഫ്.സിയോട് തോല്‍വി
കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നെരോക്ക എഫ്.സിയോടാണ് ഗോകുലം പരാജയപ്പെട്ടത്. ഫെലിക്‌സ് ഒഡിലി ചിദി (24ാം മിനുട്ട് ), പ്രിതം സിങ് (43ാം മിനുട്ട്), റൊണാള്‍ഡ് സിങ് (95ാം മിനുട്ട് ) എന്നിവരാണ് നെരോക്കക്ക് വേണ്ടി വല ചലിപ്പിച്ചത്. ആദ്യ ഹോം മാച്ചില്‍ നിന്ന് വ്യത്യസ്തമായി അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ബിനോയ് ജോര്‍ജ് ടീമിനെ കളത്തിലിറക്കിയത്. പരുക്കേറ്റ ഐവറികോസ്റ്റ് താരം കാമോ ബായിക്ക് പകരം മുഹമ്മദ് ഇര്‍ഷാദ് ആദ്യ ഇലവനില്‍ ഇടം നേടി. ഡിഫന്‍ഡര്‍ മുഹമ്മദ് സലാഹ്, ഗുലോം ഉര്‍നോവ് എന്നിവരും ടീമില്‍ ഇടം പിടിച്ചു.
പാസുകള്‍ ലക്ഷ്യത്തിലെത്താത്തതും പ്രതിരോധത്തിലെ പിഴവുമാണ് കേരളത്തിന്റെ തോല്‍വിക്ക് കാരണം. വെയിലിന്റെ കാഠിന്യം കളിക്കാരെ കാര്യമായി ബാധിച്ചു. ഗോകുലത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നൊരോക്ക എഫ്.സിയുടെ നൈജീരിയന്‍ താരം ഫെലിക്‌സ് ഒഡിലി ചിദി 24ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി (1-0). ഒരു ഗോള്‍ വീണതോടെ പതറിയ ഗോകുലം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും നെരോക്കയുടെ ശക്തമായ പ്രതിരോധത്തില്‍ തട്ടി ശ്രമങ്ങള്‍ വിഫലമായി.
മലയാളി താരം ഇര്‍ഷാദ് നടത്തിയ പല നീക്കങ്ങളും ബോക്‌സിന് പറത്ത് വച്ച് നെരോക്ക പ്രതിരോധം തടഞ്ഞു. 43ാം മിനുട്ടില്‍ ലെഫ്റ്റ് വിങിലൂടെ ഓടിക്കയറിയ സിങ്കം സുഭാഷ് സിങ് ഔട്ട്‌ലൈനിനടുത്ത് നിന്ന് ബോക്‌സിലേക്ക് നീട്ടി നല്‍കിയ മനോഹരമായ ക്രോസിന് തല വച്ച് പ്രിതം സിങ് നെരോക്കയ്ക്ക് ഒരു ഗോള്‍ കൂടി സമ്മാനിച്ചു( 2-0).
കഴിഞ്ഞ കളിയില്‍ കളം നിറഞ്ഞു കളിച്ച ഗോകുലം മധ്യനിരക്കാരന്‍ ഖാലിദ് അസ്‌ലഹ് ഈ കളിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഖാലിദിന്റെ പല പാസുകളും ലക്ഷ്യം കണ്ടില്ല.
കളിയുടെ രണ്ടാം പകുതിയില്‍ മുഹമ്മദ് സലാഹിന് പകരം ഷിനുവിനെയും ഗുലോം ഉര്‍നോവിന് പകരം വിക്കിയെയും കളത്തിലിറക്കിയെങ്കിലും പന്ത് കൈവശം വച്ചു കളിച്ചതല്ലാതെ ഗോകുലത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 73ാം മിനുട്ടില്‍ പകരക്കാരനായെത്തിയ ഉസ്മാന്‍ ആഷിക്ക് ഗോളിലേക്ക് മിന്നല്‍ ഷോട്ട് പായിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നകന്നു. കളി തോല്‍ക്കുമെന്ന ഘട്ടത്തില്‍ ഗോളിന് വേണ്ടി ഗോകുലം കിണഞ്ഞു ശ്രമിച്ചുകൊണ്ടേയിരുന്നു. 95ാം മിനുട്ടില്‍ റൊണാള്‍ഡ് സിങ് കൂടി നെരോക്കോക്ക് വേണ്ടി വല ചലിപ്പിച്ചതോടെ ഗോകുലം തോല്‍വി സമ്മതിച്ചു(3-0).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."