ചത്ത പന്നികളുടെ മാംസം വില്‍ക്കാനുള്ള നീക്കം നാട്ടുകാരിടപെട്ട് തടഞ്ഞു
വൈക്കം: ചത്ത പന്നികളുടെ മാംസമെടുത്ത് വില്‍പന നടത്താനുള്ള നീക്കം നാട്ടുകാരിടപെട്ട് തടഞ്ഞു. ഇന്നലെ വൈക്കത്തിനടു ത്ത് വല്ലകത്താണ് സംഭവം. ഇറച്ചി വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച പന്നിക്കൂട്ടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് സാബു പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, എ.ഐ.വൈ.എഫ് നേതാക്കളായ പി.പ്രദീപ്, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ലോറിക്കുചുറ്റും തടിച്ചുകൂടി. വാഹനത്തിലുണ്ടായിരുന്ന പന്നികള്‍ പലതും ചത്തനിലയിലായിരുന്നു. ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അന്‍പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്.
ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ നിന്നാണ് പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്. ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളുകളെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇവര്‍ വന്ന ബൈക്ക് നാട്ടുകാര്‍ പൊലിസിന് കൈമാറി. അതേസമയം, പന്നികളില്‍ പലതും രോഗം ബാധിച്ചവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉല്ലലയിലെ ഫാമിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉടമ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."