ദുരഭിമാനക്കൊലയുടെ ഇര ഇന്ന് മതേതര ബന്ധങ്ങളുടെ മുന്നണിപ്പോരാളി
തിരുനെല്‍വേലി: ദുരഭിമാനക്കൊലയില്‍ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴേക്കും കൗസല്യ ശങ്കര്‍ എന്ന ഇരുപതുകാരി ഒരുപാട് മാറിക്കഴിഞ്ഞു. ഇന്ന് തിരുനെല്‍വേലിയിലെ ജാതിപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയാണ് കൗസല്യ. ഒപ്പം പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കുന്നു. 2016 മാര്‍ച്ച് 13 ന് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡില്‍ നടന്ന ക്വട്ടേഷന്‍ ആക്രമണത്തിലാണ് കൗസല്യക്ക് ഭര്‍ത്താവ് ശങ്കറിനെ നഷ്ടമാകുന്നത്. ആക്രമണത്തെ അതിജീവിച്ചെങ്കിലും ഭര്‍ത്താവിനെ അവള്‍ക്ക് നഷ്ടമായി. ജീവിതം തന്നെ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്ന് കൗസല്യ ഇന്ന് ഏറെ ദൂരം സഞ്ചിരിച്ചിരിക്കുന്നു. കൊമരലിംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി തന്റെ ഭര്‍ത്താവിന്റെ പേരില്‍ ഒരു സൗജന്യ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് കൗസല്യ ഇന്ന്. ശങ്കര്‍ തനി പയിര്‍ച്ചി മൈയം എന്നാണ് ട്യൂഷന്‍ സെന്ററിന്റെ പേര്. ഉദുമല്‍പേട്ടക്കടുത്തുള്ള ഭര്‍ത്താവിന്റെ ഗ്രാമമായ ഇവിടെ നിരവധി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും കൗസല്യ പങ്കാളിയാണ്.
പളനി സ്വദേശിയും തേവര്‍ സമുദായക്കാരിയുമായ കൗസല്യ പൊള്ളാച്ചിയിലുള്ള സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൊമരലിംഗത്തു നിന്നു വരുന്ന ഇതേ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശങ്കറുമായി കൗസല്യ പ്രണയത്തിലായി. കൗസല്യയുടെ പഠനം രണ്ടാം വര്‍ഷത്തിലേക്ക് കടന്നതോടെ ഇരുവരും വിവാഹിതരായി. വിവാഹത്തോടെ കൗസല്യ പഠനം ഉപേക്ഷിച്ച് ശങ്കറിന്റെ നാട്ടിലേക്ക് പോയി. ശങ്കര്‍ ആ വര്‍ഷം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
2016 മാര്‍ച്ച് 13 ന് ഉദുമല്‍പേട്ടയില്‍ ഷോപ്പിങിനായി എത്തിയതായിരുന്നു ഇരുവരും. അവിടെ വച്ച് ദലിത് സമുദായക്കാരനായ ശങ്കറിനെ കൗസല്യയുടെ പിതാവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ശങ്കറിനെ ഉദുമല്‍പേട്ട ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ പരുക്കേറ്റ കൗസല്യ ചികിത്സക്കുശേഷം ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. രണ്ടാം തവണ ആശപുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരുന്നു കൗസല്യയില്‍ വലിയ മാറ്റമുണ്ടായത്.
എനിക്ക് എന്റെ വഴി കാണിച്ചുതന്ന വിവിധ സംഘടനകളും കൗണ്‍സിലര്‍മാരുമുണ്ട്. അവരോടൊക്കെയാണ് എനിക്കു നന്ദി പറയാനുള്ളതെന്ന് കൗസല്യ പറയുന്നു. സര്‍ക്കാര്‍ ജോലി നേടിയതിന്റെ സന്തോഷത്തില്‍ കൂടിയാണ് കൗസല്യ ഇന്ന്. ഇതിനിടയില്‍ ശങ്കറിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും ലഭിച്ച നഷ്ടപരിഹാരം പാഴാക്കാതെ തന്റെ സമ്പാദ്യം കൂടി കൂട്ടിച്ചേര്‍ത്ത് ആ കുടുംബത്തിനൊരു വീട് വെക്കാനൊരുങ്ങുകയാണ് കൗസല്യ. ജോലി ലഭിച്ചതോടെ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളുടെ പഠനത്തിന്റെ ഉത്തരവാദിത്തവും കൗസല്യയുടെ ചുമലിലാണ്. അധികം വൈകാതെ ഒരു മതേതര വിവാഹം താന്‍ സംഘടിപ്പിക്കുമെന്നും കൗസല്യ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."