പേരറിവാളനെതിരായ കേസ് സുപ്രിം കോടതി വീണ്ടും വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ബോംബ്‌സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചനല കേസില്‍ സുപ്രിം കോടതി വീണ്ടും വാദം കേള്‍ക്കും. കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പേരറിവാളന്റെ ഹരജിപരിഗണിക്കവെയാണ് ഗൂഢാലോചനാകേസില്‍ വീണ്ടുംവാദംകേള്‍ക്കാന്‍ തയാറാണെന്ന് കോടതി വ്യക്തമാക്കിയത്. ഇന്നലെ ഹരജി പരിഗണിക്കവെ കേസ് അനന്തമായി നീളുകയാണെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
പേരറിവാളന്‍ നല്‍കിയ മൊഴികളിലെ ചില ഭാഗങ്ങള്‍ കേസന്വേഷിച്ച സി.ബി.ഐ ഒഴിവാക്കിയതായി അന്വേഷണസംഘത്തിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിലാണ് കേസില്‍ പുനര്‍വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. കേസില്‍ ജനുവരി 24ന് വിശദമായ വാദം കേള്‍ക്കും.
ഗൂഢാലോചന സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണം, അവരെത്തിയ നിഗമനം, സി.ബി.ഐ മുന്‍ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം എന്നിവയും കോടതി പരിഗണിച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ശിക്ഷ റദ്ദാക്കണമെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു.
സി.ബി.ഐയുടെ റിപ്പോര്‍ട്ട് തങ്ങള്‍ കണ്ടുവെന്നും അതില്‍ വലിയ പുരോഗതിയില്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത് അനന്തമായി നീളുമെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. വീണ്ടും പുനപ്പരിശോധനാഹരജി നല്‍കാനും കോടതി പേരറിവാളന്റെ അഭിഭാഷകന് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 27ന്് സുപ്രിം കോടതി മുന്‍പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസന്വേഷിച്ച സി.ബി.ഐ സംഘത്തിലുണ്ടായിരുന്ന ത്യാഗരാജന്‍, പേരറിവാളന്‍ നല്‍കിയ മൊഴികളിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."