അഭിവൃദ്ധിയില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അന്തരം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഭിവൃദ്ധിയുടെ കാര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അന്തരം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2012 നെ അപേക്ഷിച്ച് ഇന്ത്യയുടെ അഭിവൃദ്ധിയില്‍ വര്‍ധനവുണ്ടായെന്നാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലെഗാതം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്.
അഭിവൃദ്ധി സൂചികയിലെ കണക്കുകള്‍ തയാറാക്കുന്ന സ്ഥാപനമാണ് ലെഗാതം. സൂചിക പ്രകാരം ഇന്ത്യ ചൈനയുടെ അഭിവൃദ്ധിക്ക് സമീപമെത്തി എന്നാണ് വ്യക്തമാക്കുന്നത്.
2016 മുതല്‍ ഇന്ത്യയുടെ അഭിവൃദ്ധി വര്‍ധിച്ചിട്ടുണ്ടെന്നും ചൈനയുമായുള്ള അന്തരം കുറക്കാന്‍ സാധിച്ചുവെന്നും ഇതില്‍ പറയുന്നു.
നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയൊരുക്കിയതെന്നാണ് ലെഗാതം പറയുന്നത്. ബിസിനസിനുള്ള അന്തരീക്ഷം, സാമ്പത്തിക സമത്വം, ഭരണ നിപുണത എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ബ്രിക്‌സ് രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് റാങ്ക് ഉയര്‍ത്തിയിട്ടുള്ളത്. 2016 ല്‍ 104ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017 ആയപ്പോള്‍ നാലുപോയിന്റ് ഉയര്‍ന്ന് 100ാം സ്ഥാനത്തെത്തി. ചൈനക്ക് 90ാം സ്ഥാനമാണുള്ളത്. സൂചികയില്‍ ഇന്ത്യക്ക് പിന്നില്‍ 101ാം സ്ഥാനത്താണ് റഷ്യ. അഭിവൃദ്ധിയില്‍ ഒന്നാം സ്ഥാനം നോര്‍വെയും ഏറ്റവും പിന്നില്‍ യെമനുമാണ്.
വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ സൂചകങ്ങള്‍ ഉപയോഗിച്ചാണ് ലെഗാതം അഭിവൃദ്ധി കണക്കാക്കുന്നത്. ലണ്ടണ്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്, ടുഫ്‌സ് സര്‍വകലാശാല, ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിഫോര്‍ണിയ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖരായ അധ്യാപകരാണ് അഭിവൃദ്ധി സൂചിക തയാറാക്കുന്നത്.
2017 ലെ ലെഗാതം അഭിവൃദ്ധി സൂചികയില്‍ 149 രാജ്യങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചുവെന്നും ഇന്ത്യയിലെ കൂടുതല്‍ ആളുകള്‍ക്കും തങ്ങളുടെ വരുമാനത്തില്‍ സംതൃപ്തിയുണ്ടെന്നും സൂചികയില്‍ പറയുന്നു. അതേസമയം ചൈനയില്‍ വ്യാപാരത്തില്‍ ഇടിവു രേഖപ്പെടുത്തി.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവു സംഭവിച്ചു. ലോകത്താകമാനം അഭിവൃദ്ധിയില്‍ വര്‍ധന രേഖപ്പെടുത്തി. ഏഷ്യ-പസഫിക് മേഖലയിലാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."