ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ക്കെതിരായ ക്രൂരപീഡനം: യൂറോപ്യന്‍ രാജ്യങ്ങളും കുറ്റക്കാരെന്ന് ആംനെസ്റ്റി
ബ്രസല്‍സ്: ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നേരെയുള്ള കൊടിയ പീഡനത്തിനും അതിക്രമത്തിനും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും തുല്യ ഉത്തരവാദികളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍. ലിബിയയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയന്‍(ഇ.യു) സാമ്പത്തിക സഹായം നല്‍കുന്ന ലിബിയന്‍ തീരരക്ഷാ സേന ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റ-അഭയാര്‍ഥി പ്രവാഹം തടയാനായി ലിബിയന്‍ തീരങ്ങളില്‍ നടക്കുന്ന ചൂഷണ-പീഡന പ്രവൃത്തികളെ ഇ.യു ശക്തമായി പിന്തുണക്കുന്നതായി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ഇതിനായി സൈന്യത്തിനും കൊള്ളക്കാര്‍ക്കും ഇ.യു സാമ്പത്തിക സഹായം നല്‍കുന്നതായാണ് ആരോപണം. ലിബിയന്‍ തീരരക്ഷാ സേനയ്ക്ക് യൂനിയന്‍ സാമ്പത്തിക സഹായവും പരിശീലനവും കപ്പലുകളും നല്‍കി വരുന്നു.
ആഭ്യന്തരയുദ്ധം കൊണ്ടു പൊറുതിമുട്ടി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്ന പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ ആശ്രയിക്കുന്ന പ്രധാന മാര്‍ഗമാണ് ലിബിയ. ലിബിയയില്‍നിന്ന് ഇറ്റലി വഴിയാണ് ഇവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടക്കുന്നത്. ഇതു തടയാനായാണ് ഇ.യു ലിബിയന്‍ തീരക്ഷാ സേനയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ നല്‍കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
ലിബിയന്‍ തീരരക്ഷാസേന പ്രാദേശിക ഗുണ്ടകളെയും വിവിധ കേസുകളില്‍ പ്രതികളായ കുറ്റവാളികളെയും കൂട്ടുപിടിച്ചാണ് ബോട്ടുകളില്‍ സഞ്ചരിക്കുന്ന അഭയാര്‍ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നത്. ലിബിയന്‍ തീരത്തുനിന്നു പിടികൂടുന്ന അഭയാര്‍ഥികളെ നിയമവിരുദ്ധമായ കുടിയേറ്റങ്ങളെ തടയാനുള്ള ലിബിയന്‍ ജനറല്‍ ഡയരക്ടറേറ്റിനു കീഴിലുള്ള തടങ്കല്‍പാളയങ്ങളില്‍ എത്തിക്കുന്നു. ഇവിടെ ഇവരെ അന്യായമായി അനിശ്ചിതകാലത്തേക്ക് കൂട്ടമായി തടവിലിട്ടു പീഡിപ്പിക്കുകയും ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചെല്ലാം യൂറോപ്യന്‍ യൂനിയന് വ്യക്തമായ വിവരമുണ്ടെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ 20,000ത്തോളം പേര്‍ ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നതായാണ് സംഘത്തിനു ലഭിച്ച കണക്ക്. ഇവിടെനിന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇതിനെതിരേ യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ തലവന്‍ സൈദ് റഅദ് അല്‍ ഹുസൈനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ശക്തമായ സ്വരത്തില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിവിധ സമയങ്ങളിലായി ഈ തടങ്കല്‍പാളയങ്ങളില്‍നിന്നു രക്ഷപ്പെട്ട അഭയാര്‍ഥികളുമായും ആംനെസ്റ്റി സംഘം സംസാരിച്ചിട്ടുണ്ട്. പുതിയെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാന്‍ ഇ.യു വൃത്തങ്ങള്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."