സുപ്രഭാതം ലേഖകന് വനംവകുപ്പ് ജീവനക്കാരന്റെ വധഭീഷണി
പാലക്കാട്: സുപ്രഭാതം പാലക്കാട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.എം ഷണ്‍മുഖദാസിന് വനംവകുപ്പ് ജീവനക്കാരന്റെ വധഭീഷണി. അട്ടപ്പാടി വെള്ളമാരി കൊടുംവനത്തിലെ റിസോര്‍ട്ട് ലോബിയെ സഹായിക്കാന്‍ അനധികൃതമായി റോഡ് വെട്ടിയ സംഭവത്തില്‍ കേസ് ദുര്‍ബലമാക്കാന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും വനം വകുപ്പിലെയും ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ശ്രമം നടത്തിയതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വധ ഭീഷണി. റിസോര്‍ട്ട് ലോബികള്‍ക്കായി റോഡ് വെട്ടാന്‍ കൂട്ടുനിന്ന അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശിവദാസനാണ് ലേഖകനെ ഭീഷണിപ്പെടുത്തിയത്.
വാര്‍ത്തയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനായി ഫോണില്‍ വിളിച്ചപ്പോഴാണ് ശിവദാസന്‍ ഷണ്മുഖദാസിനോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. കൈക്കൂലി വാങ്ങിയതിന് തെളിവ് എവിടെയെന്ന് ചോദിച്ച ഇയാള്‍'തന്നെ ശരിയാക്കും' എന്നു പറഞ്ഞാണ് ഭീഷണി മുഴക്കിയത്.
വനത്തിനകത്തെ അനധികൃത റോഡ് നിര്‍മാണത്തെ കുറിച്ചുള്ള കേസ് അന്വേഷിക്കുന്നത് ഇയാളാണ്. ഓഫിസില്‍ സ്ഥിരം മദ്യപിച്ചെത്തുന്ന ശിവദാസന്‍ തന്റെ റെയ്ഞ്ചിന് കീഴിലുള്ള ആദിവാസികളായ വാച്ചര്‍മാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതികളും നിലവിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ത്തന്നെ ഇയാള്‍ പ്രശ്‌നക്കാരനാണെന്ന അഭിപ്രായം ഉണ്ട്. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കിഴക്കന്‍ മേഖല വനം കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ പറഞ്ഞു. ശിവദാസനെതിരേ നടപടി വേണമെന്ന് വനം മന്ത്രി രാജുവിന് പരാതി നല്‍കിയിട്ടുണ്ട്.
റോഡ് വെട്ടിയ സ്ഥലത്ത് വന്‍തോതില്‍ പ്ലാറ്റിനവും സ്വര്‍ണവുമടങ്ങിയ നിക്ഷേപം ഉണ്ടെന്നും ഇത് ഖനനം ചെയ്യാന്‍ കേന്ദ്രാനുമതിയോടെ റോഡ് ഉണ്ടാക്കിയതാണെന്നുമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദം. അഗളിയിലെ വെള്ളമാരി മലയിലെ വനത്തിലൂടെയാണ് ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് വന്‍മരങ്ങള്‍ പിഴുതുമാറ്റി വലിയ വാഹനങ്ങള്‍ക്ക് തന്നെ കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ റോഡ് വെട്ടിയിട്ടുള്ളത്.
ഇപ്പോള്‍ റോഡ് വെട്ടിയ സ്ഥലത്ത്‌നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരം അകലെ പ്രമുഖ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. റിസോര്‍ട്ട് ലോബിക്കും തൊട്ടടുത്ത് പുതിയതായി സ്ഥലം വാങ്ങിയവര്‍ക്കും വേണ്ടിയാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മിച്ചത്. റോഡ് വെട്ടിയ സംഭവം സുപ്രഭാതം പുറത്തുവിട്ടതോടെ ഈ സ്ഥലത്തിനു സമീപം വന്‍തോതില്‍ പ്ലാറ്റിനം നിക്ഷേപം കണ്ടെത്തിയെന്ന അവകാശവാദവുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."