നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം; നികത്തിയ വയല്‍ കരയാക്കാന്‍ ലഭിച്ചത് 2,01,304 അപേക്ഷകള്‍
തിരുവനന്തപുരം: തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നികത്തിയ നിലം രേഖകളില്‍ കരഭൂമിയാക്കുന്നതിനായി സംസ്ഥാനത്തെ കൃഷി ഓഫിസുകള്‍ വഴി ലഭിച്ചത് 2,01,304 അപേക്ഷകള്‍. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. 45,296 അപേക്ഷകള്‍ ഇവിടെ ലഭിച്ചു. കഴിഞ്ഞ നവംബര്‍ 27 വരെ കൃഷി വകുപ്പിന് ലഭിച്ച അപേക്ഷകളുടെ കണക്കാണിത്.
തിരുവനന്തപുരം 12,282, കൊല്ലം 7715, പത്തനംതിട്ട 5,759, ആലപ്പുഴ 23,104, കോട്ടയം 11,663, ഇടുക്കി 2,186, തൃശൂര്‍ 28,022, പാലക്കാട് 10,026, മലപ്പുറം 7,550, കോഴിക്കോട് 23,559, വയനാട് 5,128, കണ്ണൂര്‍ 13,156, കാസര്‍കോട് 5,858 എന്നിങ്ങനെയാണ് ജില്ലതിരിച്ച് ലഭിച്ച അപേക്ഷകളുടെ എണ്ണം. ഓരോ ജില്ലകളിലും ലഭിച്ച അപേക്ഷകള്‍ ഇനി പരിശോധിക്കും. അതിനുശേഷം ഈ സ്ഥലങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ച് 2008ല്‍ ഈ ഭൂമിയുടെ സ്ഥിതി എന്തായിരുന്നെന്നു കണ്ടെത്തും.
അതിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങിയ സമതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതിനു ശേഷമാകും ഡാറ്റാബാങ്കില്‍ ഭൂമി സംബന്ധിച്ച വിവരത്തില്‍ മാറ്റം വരുത്തുന്നത്. ഇതിനുള്ള നടപടികളെല്ലാം തന്നെ കൃഷി വകുപ്പ് വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.
2008ല്‍ നിലവില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സംബന്ധിച്ചുണ്ടായ പരാതികള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. 2008നു മുന്‍പു നികത്തിയ ഭൂമി വിപണിവിലയുടെ 25 ശതമാനം പിഴ അടച്ചു ക്രമപ്പെടുത്താന്‍ അനുമതി നല്‍കുന്ന ഈ ഭേദഗതി വന്‍കിടക്കാര്‍ ദുരുപയോഗം ചെയ്തുവെന്നു വിലയിരുത്തിയ ഇടതുസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഇത് റദ്ദാക്കിയാണ് പുതിയ ഭേദഗതി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."