ജെ.ജെ ആക്ട്: സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി
തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ആക്ടുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ജെ.ജെ ആക്ടിന്റെ മറവില്‍ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപെടലും പരിശോധനയും സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തലും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം കൊടുക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംഘം ഉന്നയിച്ചത്.
കേരളത്തിലെ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിന് ജെ.ജെ ആക്ട് 2015ന് സംസ്ഥാനത്ത് റൂള്‍സ് ഉണ്ടാക്കുക, ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രഗവണ്മെന്റില് ആവശ്യമായ സമ്മര്‍ദം ചെലുത്തുക, ആക്ട് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുള്ള സാഹചര്യത്തില്‍ ഡിസംബര്‍ 15നകം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.
സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, വിഴിഞ്ഞം സഈദ് മുസ്ലിയാര്, അഡ്വ. പി.വി സൈനുദ്ദീന്‍, ഹസന് ആലംകോട്, എസ്. അഹമ്മദ് റഷാദി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."