ക്രിക്കറ്റില്‍ വീണ്ടും വാതുവയ്പ്പ് വിവാദം
പെര്‍ത്ത്: ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പെര്‍ത്തില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഒത്തുകളി നടത്താന്‍ വാതുവയ്പ്പുകാര്‍ ശ്രമിച്ചതായി ബ്രട്ടീഷ് മാധ്യമമായ ദി സണ്‍ ആണ് വെളിപ്പെടുത്തിയത്. പണം നല്‍കിയാല്‍ കളിയിലെ ഫലങ്ങള്‍ മുന്‍കൂട്ടി അറിയിക്കാമെന്ന് വാതുവയ്പ്പുകാര്‍ പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് സണിന്റെ റിപ്പോര്‍ട്ട്. മിസ്റ്റര്‍ ബിഗ് എന്ന പേരിലുള്ള ഇന്ത്യന്‍ വംശജനായ വാതുവയ്പ്പുകാരനും മറ്റൊരാളും ചേര്‍ന്നുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സണ്‍ പുറത്തുവിട്ടത്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദി സൈലന്റ് മാന്‍ എന്നറിയപ്പെടുന്ന വാതുവയ്പ്പുകാരനുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമുള്ളതായും വീഡിയോയില്‍ വെളിപ്പെടുത്തലുകളുണ്ട്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ ടീമിലെ ചില താരങ്ങള്‍ക്ക് ഇതെക്കുറിച്ച് അറിവുള്ളതായും വാതുവയ്പ്പുകാര്‍ പറയുന്നുണ്ട്. അതേസമയം താരങ്ങളുടെ പേരൊന്നും വെളിപ്പെടുത്തിയിട്ടില്ല. 21 കോടിയോളം രൂപ തത്സമയ വാതുവയ്പ്പിന് വാഗ്ദാനം ചെയ്യപ്പട്ടതായും ടെസ്റ്റില്‍ ഓരോവറില്‍ എത്ര റണ്‍സ് പിറക്കുമെന്നും എത്ര വിക്കറ്റുകള്‍ കൊഴിയുമെന്നും കൃത്യമായി മുന്‍കൂട്ടി പറയാന്‍ സാധിക്കുമെന്നും വാതുവയ്പ്പുകാര്‍ പറയുന്നു.
ഒത്തുകളി ആരോപണം ക്രിക്കറ്റ് ആസ്‌ത്രേലിയ നിഷേധിച്ചെങ്കിലും സണിന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ തന്നെ എടുക്കുന്നതായി ബോര്‍ഡ് വ്യക്തമാക്കി. ഐ.സി.സിയുടെ ഏത് അന്വേഷണങ്ങളുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ വ്യക്തമാക്കി.
തെളിവില്ലെന്ന് ഐ.സി.സി
പെര്‍ത്ത് ടെസ്റ്റില്‍ ഒത്തുകളി നടക്കുന്നുവെന്ന വിവാദ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഒരു തെളിവുമില്ലെന്ന് ഐ.സി.സി വ്യക്തമാക്കി. ആരോപണം സംബന്ധിച്ച് ഒരു തെളിവുമില്ലെന്നും നിലവില്‍ ഇരു ടീമുകളിലേയും ഒരു താരത്തെ പറ്റിയും ആരോപണങ്ങള്‍ ഇല്ലെന്നും ഐ.സി.സി അഴിമതി വിരുദ്ധ യൂനിറ്റ് തലവന്‍ അലക്‌സ് മാര്‍ഷല്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ സംബന്ധിച്ച് സമഗ്രമായി തന്നെ അന്വേഷിക്കും. പല രാജ്യങ്ങളിലും ടി20 ടൂര്‍ണമെന്റുകള്‍ നടക്കുന്നതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളോടും ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."