HOME
DETAILS

വിവാഹമോചനം ക്രിമിനല്‍ കുറ്റമാകുന്ന ആസുരകാലം

  
backup
December 15 2017 | 20:12 PM

talaq-criminal-case-spm-today-articles

മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ച് അതിനെ ജാമ്യമില്ലാക്കുറ്റമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണു കേന്ദ്രസര്‍ക്കാര്‍. നിയമം നിലവില്‍ വന്നാല്‍ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നയാള്‍ക്കു മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കും. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കാനാണു നീക്കം.
ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്ന വിധിയെ തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിച്ചാണു കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംവിരുദ്ധമായ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. കോടതിവിധിയില്‍ ഒരിടത്തും പറയാത്ത 'ക്രിമിനല്‍ കുറ്റം' എന്ന തലത്തിലേക്കു കാര്യങ്ങളെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി ഫാസിസ്റ്റ് ഭരണകാലത്തെ ന്യൂനപക്ഷവിരുദ്ധതയുടെ അടയാളമാണ്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന വിവാഹമോചനരീതിയിലെ മനുഷ്യപക്ഷ കാഴ്ചപ്പാടുകള്‍ സുപ്രിംകോടതിയില്‍ പൂര്‍ണാര്‍ഥത്തില്‍ അവതരിപ്പിക്കാന്‍ സമുദായത്തിനു കഴിഞ്ഞില്ലെന്ന സ്വയംവിമര്‍ശനവും വേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്, സൈറാ ബാനു എന്ന സ്ത്രീ നല്‍കിയ ഹരജി പരിഗണിച്ച് സുപ്രിംകോടതി മുത്വലാഖ് ഭരണഘടനാവിരുദ്ധമായി വിധിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്തനിലപാടുകളാണു സ്വീകരിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും മുത്വലാഖ് മൗലികാവകാശമാണെന്നും അതിനു മാറ്റം വരുത്തണമെങ്കില്‍ നിയമനിര്‍മാണം ആവശ്യമാണെന്നും കുറിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിതും കുര്യന്‍ ജോസഫും രോഹിങ്ടണ്‍ നരിമാനും മുത്വലാഖ് ഭരണഘടനാവിരുദ്ധമാണെന്നും വിധിച്ചു.
ഭൂരിപക്ഷത്തിന്റെ വിധിക്കാണു നിയമപ്രാബല്യം. ജസ്റ്റിസ് കുര്യന്‍ജോസഫ് മറ്റൊരു നിരീക്ഷണം കൂടി നടത്തി. ഖുര്‍ആനില്‍ പാപമാണെന്നു പറഞ്ഞ ഒരു കാര്യത്തിനു നിയമസാധുത നല്‍കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഖുര്‍ആനില്‍ എവിടെയെങ്കിലും മുത്വലാഖ് പാപമാണെന്നു പറയുന്നില്ല. കോടതിയില്‍ അതു കൃത്യമായി അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.
മുത്വലാഖിന്റെ നടപടികള്‍ പൂര്‍ണമായും മനസ്സിലാക്കുന്നതിന് ഹദീസുകളുടെ പിന്‍ബലം ഒഴിച്ചുകൂടാനാവത്തതാണെങ്കിലും കോടതി ഹദീസുകളെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഹദീസുകളില്ലാതെ ഖുര്‍ആനെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാനാകില്ലെന്ന വസ്തുതയും കോടതിയെ ബോധ്യപ്പെടുത്താനായില്ല.
2002ലെ ഷമീം ആര കേസിനെക്കൂടി അടിസ്ഥാനമാക്കിയായിരുന്നു ഭൂരിപക്ഷ ബെഞ്ച് വിധി പ്രസ്താവിച്ചത്. 125 ാം വകുപ്പു പ്രകാരം ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഷമീം ആര എന്ന യുവതി കോടതിയെ സമീപിച്ചിരുന്നു. വിവാഹമോചനത്തിനു ശേഷമുളള ജീവനാംശവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് അന്നു നടന്നത്. മുത്വലാഖുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. വാസ്തവമതായിട്ടും ഇപ്പോള്‍ മുത്വലാഖിനെ സംബന്ധിച്ച വിധി പുറപ്പെടുവിക്കുന്നതിനു ഷമീം ആര കേസിനെക്കൂടി മൂന്നു ജഡ്ജിമാരും ആശ്രയിച്ചുവെന്നതു കൗതുകകരമാണ്.
1932ല്‍ സമാനമായ റശീദ് അഹമ്മദ് അനീസാ ഖാത്തൂന്‍ കേസില്‍ അന്നത്തെ പ്രിവി കൗണ്‍സില്‍ ചില തീരുമാനങ്ങളെടുത്തിരുന്നു. (മുസ്‌ലിംകള്‍ക്കിടയിലെ വിവാഹപ്രശ്‌നങ്ങളില്‍ ഈ കേസും കോടതികളില്‍ ചര്‍ച്ച ചെയ്യാറുണ്ട് ). ഇസ്‌ലാമികനിയമങ്ങളെ അപഗ്രഥിച്ച ശേഷമാണ് അന്നു പ്രിവി കൗണ്‍സില്‍ തീരുമാനമെടുത്തത്. വിവാഹത്തിനും വിവാഹമോചനത്തിനും സ്ത്രീയുടെ സാനിധ്യം ആവശ്യമില്ല, ത്വലാഖിനു ശേഷവും തുടരുന്ന ബന്ധത്തില്‍ കുട്ടികളുണ്ടായാല്‍ ശരീഅത്ത് നിയമപ്രകാരം അവര്‍ക്കു സ്വത്തവകാശമില്ല എന്നീ രണ്ടു കാര്യങ്ങളാണ് അതില്‍ ശ്രദ്ധേയം.
ഷമീം ആര കേസ് വന്നതോടെ പ്രിവി കൗണ്‍സില്‍ തീരുമാനം അസാധുവായെന്നായിരുന്നു ഭരണഘടനാ ബഞ്ചിലെ ഭൂരിപക്ഷാംഗങ്ങളുടെ അഭിപ്രായം. എന്നാല്‍, ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അതു പുനഃപരിശോധിക്കേണ്ടതാണെന്ന പുതിയൊരു വിശകലനത്തിന്റെ സാധ്യത തുറന്നിടുകയാണു ചെയ്തത്. ഇവിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അടങ്ങുന്ന ന്യൂനപക്ഷ ബെഞ്ചിന്റെ നിലപാടു ശ്രദ്ധേയമാണ്. ശരീഅത്ത് എന്നത് നിബിഢവനമാണെന്നും അതിലേക്കു കടക്കുന്നതിന് ഇസ്‌ലാമിക നിയമങ്ങളില്‍ ആഴത്തിലുള്ള പാണ്ഡിത്യം വേണമെന്നുള്ള മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി ഹാജരായ കപില്‍ സിബലിന്റെയും സല്‍മാന്‍ ഖുര്‍ഷിദിന്റെയും അഭിപ്രായത്തെ അവര്‍ അംഗീകരിക്കുകയാണുണ്ടായത്.
മുത്വലാഖ് ശരിയോ തെറ്റോയെന്നു തീരുമാനിക്കുന്നതിനു കോടതിക്കു പരിമിതിയുണ്ടെന്നും അവര്‍ നിരീക്ഷിച്ചു. മുത്വലാഖ് മുസ്‌ലിം വ്യക്തിനിയമത്തിന്റെ അവിഭാജ്യഘടകമാണെന്നും അത് 1400 വര്‍ഷങ്ങളിലായി ആചരിച്ചു വരുന്നതാണെന്നും ന്യൂനപക്ഷ ബെഞ്ച് അഭിപ്രായപ്പെട്ടു. 1937ലെ ശരീഅത്ത് ആക്ടില്‍ പറയുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹം, വിവാഹമോചനം, വഖ്ഫ്, വസ്തുകൈമാറ്റം തുടങ്ങിയ നിശ്ചിത പത്തുവിഷയങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ ശരീഅത്ത് പ്രകാരം തീരുമാനമെടുക്കണമെന്നാണ്.
അതുകൊണ്ടുതന്നെ അതില്‍ കൈകടത്താനാകില്ല, ശരീഅത്ത് ആക്ടിനെ സ്റ്റാറ്റിയൂട്ടറി ലോ ആയി പരിഗണിക്കണമെന്ന പരാതിക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല, ഭരണഘടനയുടെ അനുച്ഛേദം 14 (നിയമത്തിനു മുന്നിലെ സമത്വം), 15 (വിവേചന നിരോധനം), 21 (ജീവിതത്തിന്റയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) എന്നിവ ഭരണകൂടം നിര്‍മിക്കുന്ന നിയമങ്ങള്‍ക്കാണു ബാധകമാവുക. ശരീഅത്ത് നിയമങ്ങള്‍ ഭരണകൂടസൃഷ്ടിയല്ലെന്നതിനാല്‍ ഈ അനുച്ഛേദം അതിനു ബാധകമല്ല.
വ്യക്തിനിയമത്തിനു ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ അതേ സ്ഥാനമാണുള്ളത്. രണ്ടിനെയും വ്യത്യസ്തമായി കാണാനാകില്ല. വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിനു മാത്രമേ അധികാരമുള്ളൂ. എന്നിങ്ങനെ വസ്തുതകളോടു ചേര്‍ന്നുനില്‍ക്കുന്നതും ന്യൂനപക്ഷ കാഴ്ചപ്പാടുകളോടു നീതിപുലര്‍ത്തുന്നതുമായ വിധിയാണു ന്യൂനപക്ഷ ബെഞ്ച് പുറപ്പെടുവിച്ചത്. ആരെങ്കിലും മൂന്നു ത്വലാഖ് ഒരുമിച്ചു ചൊല്ലിയാല്‍ അത് ഒരു ത്വലാഖായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന്, ചില അറബ് രാജ്യങ്ങളിലെ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് അവര്‍ അഭിപ്രായപ്പെടുകയും ചെയ്തു.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു നിയമനിര്‍മാണത്തിന് ഒരുങ്ങുന്നതെന്നു ന്യായം പറയുന്ന കേന്ദ്രസര്‍ക്കാര്‍, ഭരണഘടനാബെഞ്ചില്‍ നിന്നുള്ള ഈ നിരീക്ഷണങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. മനുഷ്യന്റെ വ്യക്ത്യാധിഷ്ഠിത വ്യവഹാരത്തില്‍പ്പെട്ട വിവാഹവും വിവാഹമോചനവുമൊക്കെ ക്രിമിനല്‍ക്കുറ്റത്തിന്റെ പരിധിയില്‍പെടുത്തുന്നത്, മനുഷ്യനിലെ സ്വത്വത്തെ നിഷേധിക്കുന്നതിനു തുല്യമാണ്.
ഭരണഘടനാവിരുദ്ധമെന്ന സുപ്രിംകോടതി വിധിയോടെ തന്നെ, ഭരണഘടനയുടെ 141 ാം അനുച്ഛേദമനുസരിച്ച് അതു സുപ്രിംകോടതി പ്രഖ്യാപിക്കുന്ന നിയമമായി മാറിക്കഴിഞ്ഞു. ഈ നിലയ്ക്ക് അതിനെ ക്രിമിനല്‍ കുറ്റമാക്കി വീണ്ടുമൊരു നിയമനിര്‍മാണം നടത്തുന്നതു ജുഗുപ്‌സാവഹമാണ്. ഇതിലൂടെ സ്ത്രീസംരക്ഷണം ഉറപ്പുവരുത്തുകയാണെന്ന് അവകാശപ്പെടുന്നതു പരിഹാസ്യമാണ്. ജയിലില്‍ പോകുന്നയാള്‍ എങ്ങനെ ജീവനാംശം നല്‍കും, വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യയെ ഉപേക്ഷിച്ചാല്‍ എന്തുചെയ്യും എന്നു തുടങ്ങിയ ചോദ്യങ്ങളുടെയും ആശങ്കകളുടെയും പേമാരിയാണു സര്‍ക്കാര്‍ നീക്കത്തെ കാത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് സെക്ഷന്‍ 148 (വര്‍ഗീയലഹള സൃഷ്ടിക്കല്‍), സെക്ഷന്‍ 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദയുണ്ടാക്കല്‍), സെക്ഷന്‍ 237 (കള്ളനോട്ട് ഇടപാട്) സെക്ഷന്‍ 295 എ(മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണു മൂന്നുവര്‍ഷം തടവും പിഴയും നല്‍കുന്നത്. ആ പട്ടികയിലേക്കാണു വിവാഹമോചനമെന്ന തീര്‍ത്തും വ്യക്ത്യാധിഷ്ഠിതമായ സംഗതി കൂടി വരുന്നത്.
കിട്ടിയ അവസരം പരമാവധി മുതലെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍, മുസ്‌ലിംവിരുദ്ധ കാഴ്ചപ്പാട് രാജ്യത്തെ വ്യവസ്ഥിതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ നിയമനിര്‍മാണചരിത്രത്തിലെ അത്യന്തം ലജ്ജാകരമായ സംഗതിയായി ഇതു വിലയിരുത്തപ്പടും.

(മുന്‍ അഡീഷനല്‍ ലോ സെക്രട്ടറിയാണ് ലേഖകന്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago