കേന്ദ്രത്തിനെതിരേ ശക്തമായ അഴിമതി ആരോപണങ്ങളുമായി അണ്ണാഹസാരെ
ഗുവാഹത്തി: കേന്ദ്രത്തിനെതിരേ ശക്തമായ ആരോപണങ്ങളുമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാഹസാരെ രംഗത്ത്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യങ്ങളില്‍ ഒന്നായി മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യ മാറിയെന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബി.ജെ.പിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് ലഭിച്ചത് 80,000 കോടി രൂപയാണ്. അഴിമതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ തന്റേതല്ലെന്നും ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ അഴിമതിയില്‍ മുന്‍പന്തിയിലുള്ളത് ഇന്ത്യയാണെന്നാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ മിണ്ടാതിരിക്കുകയായിരുന്നു. ഒരു പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ നാം സമയം അനുവദിക്കണം. അതിനാലാണ് മൗനം പാലിച്ചത്. ഇപ്പോള്‍ സംസാരിക്കാനുള്ള സമയം എത്തിയിരിക്കുകയാണ്. ശക്തമായ ജന്‍ലോക്പാല്‍ബില്‍ കൊണ്ടുവരാനും രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനുമായി അടുത്ത വര്‍ഷം മാര്‍ച്ച് 23 മുതല്‍ പുതിയ സമരങ്ങല്‍ ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു.
സാധാരണക്കാര്‍ക്ക് രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. കര്‍ഷകര്‍ കഷ്ടപ്പെടുകയാണ്. ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ലോണുകള്‍ നല്‍കുന്നുണ്ടെങ്കിലും ഈടാക്കുന്ന പലിശയിനം താങ്ങാനാവില്ല. രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഒരേ രീതിയിലുള്ള പലിശ സമ്പ്രദായം റിസര്‍വ് ബാങ്ക് കൊണ്ടുവരണം. ലോണുകള്‍ തിരച്ചടക്കാനാവാത്തതിനാലാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്.
കൂടാതെ ഉല്‍പാദിപ്പിക്കുന്ന ഇനങ്ങള്‍ക്ക് കമ്പോളത്തില്‍ മികച്ച വില ലഭിക്കുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 32 കത്തുകള്‍ അയച്ചു. എന്നാല്‍ ഒന്നിനു പോലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി തന്നിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ജന്‍ ലോക്പാല്‍ബില്ലിനും കര്‍ഷക പ്രശ്‌ന പരിഹാരത്തിനുമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. രാജ്യത്ത് എല്ലായിടത്തും സന്ദര്‍ശിച്ച് ജനങ്ങളോട് സംസാരിക്കും. ജയിലില്‍ അടയ്ക്കുകയാണെങ്കില്‍ രാജ്യത്തെ എല്ലാ ജയിലുകളും ജനങ്ങളാല്‍ നിറയ്ക്കും.
കഴിഞ്ഞ യു.പി.എ ഭരണം ജന്‍ ലോക്പാല്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടു. നിലവിലെ മോദി സര്‍ക്കാര്‍ പഴയ സര്‍ക്കാരിനെക്കാള്‍ മോശമായ രീതിയിലാണ് ജന്‍ ലോക്പാലിനോട് പെരുമാറുന്നത്. രാഷ്ടീയ പാര്‍ട്ടികള്‍ അവരുടെ സമ്പാദ്യങ്ങള്‍ പ്രഖ്യാപിക്കണമെന്ന നിയമം ഇന്ത്യയിലുണ്ട്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
വന്‍കിട കമ്പനികള്‍ അവരുടെ ലാഭത്തിന്റെ 7.5 ശതമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യുകയാണ്. പരിധിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് അണ്ണാ ഹസരെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."