സ്വത്ത് മരവിപ്പിച്ചതിനെതിരായ ടീസ്റ്റയുടെ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റാസെത്തല്‍വാദിന്റെയും അവരുടെ കീഴിലുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെയും ആസ്തികള്‍ മരവിപ്പിച്ചത് ചോദ്യംചെയ്യുന്ന ഹരജി സുപ്രിംകോടതി തള്ളി.
ടീസ്റ്റയും ഭര്‍ത്താവും സാമൂഹികപ്രവര്‍ത്തകനുമായ ജാവേദ് ആനന്ദ്, ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനുമായി രൂപീകരിച്ച സബ്രങ് ട്രസ്റ്റ്, സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്നിവയും സമര്‍പ്പിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നംഗബെഞ്ചാണ് തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് അവരുടെ നിലപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ബോധ്യപ്പെടുത്താന്‍ അവസരമുണ്ടെന്നും മൂന്നംഗബെഞ്ച് ചൂണ്ടിക്കാട്ടി.
വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ളവരുടെ സ്മരണയ്ക്കായി മ്യൂസിയം നിര്‍മിക്കാനായി പിരിച്ചെടുത്ത പണം വകമാറ്റിചെലവഴിച്ചെന്ന കേസിലാണ് ട്രസ്റ്റിന്റെ ആസ്തി 2015 ഒക്ടോബറില്‍ ഹൈക്കോടതി മരവിപ്പിച്ചത്. മ്യൂസിയത്തിനായി സ്വരൂപിച്ച പണത്തില്‍ നിന്ന് ഒന്നരക്കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലിസാണ് ടീസ്റ്റക്കും ജാവേദ് ആനന്ദിനും എതിരേ കേസെടുത്തത്. കേസില്‍ അഹമ്മദാബാദ് വിചാരണക്കോടതി ആസ്തി മരവിപ്പിച്ചു. ഇത്‌ചോദ്യംചെയ്ത് ടീസ്റ്റയും ഭര്‍ത്താവും നല്‍കിയ ഹരജിയില്‍ വിചാരണക്കോടതി നടപടി ഹൈക്കോടതിയും ശരിവച്ചു. ഇതുചോദ്യംചെയ്താണ് ഇരുവരും സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ ജൂലൈയില്‍ വാദംപൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപറയാനായി നീട്ടിവയ്ക്കുകയായിരുന്നു.
വംശഹത്യാ ഇരകള്‍ക്കു വേണ്ടി നിലകൊണ്ടതിനു നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമായാണ് തനിക്കും ഭര്‍ത്താവിനും എതിരായ നീക്കങ്ങളെന്നാണ് ടീസ്റ്റയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."