കെ.ബി.പി.എസ്: അച്ചടിക്കാന്‍ നിലവാരമില്ലാത്ത കടലാസ്; രണ്ട് പേപ്പര്‍ കമ്പനികള്‍ ബ്ലാക്ക് ലിസ്റ്റില്‍
കാക്കനാട് : കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ പാഠ പുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമില്ലാത്ത കടലാസ് നല്കിയ രണ്ട് കമ്പനികള്‍ ബ്ലാക്ക് ലിസ്റ്റില്‍. കഴിഞ്ഞ അധ്യയന വര്‍ഷം പാഠ പുസ്തകം അച്ചടിക്കാന്‍ 80 കോടിയുടെ കടലാസ് നല്കിയ കമ്പനികളാണ് കെ.ബി.പി.എസ് ലിസ്റ്റിലെ കരിമ്പട്ടികയില്‍ പെട്ടത്. തൊഴിലാളി യൂനിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ രണ്ട് കമ്പനികളെ ഇത്തവണത്തെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കി. ഗുണനിലവാരമില്ലാത്ത പേപ്പര്‍ ഇറക്കുമതി ചെയ്ത കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി സംഘടനകള്‍ രംഗത്തെത്തിയതോടെ മാനേജ്മെന്റ് വഴങ്ങുകയായിരുന്നു.
പാഠപുസ്തകം അച്ചടിക്കാന്‍ നിലവാരമുള്ള പേപ്പര്‍ ഉപയോഗിക്കാന്‍ കെ.ബി.പി.എസ് മാനേജ്മെന്റിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാനേജ്മെന്റ് പാലിച്ചില്ല. നിലവാരം കുറഞ്ഞ ജി.എസ്.എം പേപ്പറുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് വെള്ളൂര്‍ ന്യൂസ് പ്രിന്റ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 80 ജി.എസ്.എം പേപ്പര്‍ ഉപയോഗിക്കേണ്ടിടത്ത് 60-70 ജി.എസ്.എം പേപ്പറുകളാണ് ഉപയോഗിച്ചതെന്നാണ് ലാബ് പരിശോധന റിപ്പോര്‍ട്ട്.
കൂടിയ നിലവാരമുള്ള കടലാസുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്നുകാട്ടി അംഗീകാരം നേടിയശേഷം നിലവാരമില്ലാത്ത കടലാസ് ഉപയോഗിക്കുകയാന്നെന്നാണ് കണ്ടെത്തിയത്. മെട്രിക് ടണ്ണിന് 50,000 മുതല്‍ 56,000 രൂപ വിലവരുന്ന പേപ്പര്‍ ഉപയോഗിക്കാനാണ് മാനേജ്മെന്റ് ഓര്‍ഡര്‍ നല്‍കുന്നത്.
എന്നാല്‍ തമിഴ്നാട്ടിലെ വന്‍കിട പേപ്പര്‍ കമ്പനികള്‍ നിലവാരം കുറഞ്ഞ പേപ്പറുകളാണ് കെ.ബി.പി.എസില്‍ എത്തിക്കാറ്. അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് മെട്രിക് ടണ്ണിന് 10,000 രൂപ വരെ കൂടുതല്‍ വിനിയോഗിക്കാനും മാനേജ്മെന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. റീലുകള്‍ തുടരെ പൊട്ടുന്നത് അച്ചടിയെ ബാധിച്ചിരുന്നതിനാല്‍ കടലാസിന്റെ ഗുണനിലവാരം സംബന്ധിച്ച് തൊഴിലാളികളും സംശയം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."