വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോടികളുടെ പ്രഖ്യാപനവുമായി മോദി
ഐസ്വാള്‍: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി കോടികളുടെ വികസന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
90,000 കോടിയുടെ വികസന പദ്ധതികളാണ് ഇന്നലെ മോദി മിസോറമില്‍ പ്രഖ്യാപിച്ചത്. റോഡുകള്‍, ദേശീയ പാതകള്‍ എന്നിവയുടെ പുനര്‍നവീകരണം ലക്ഷ്യം വച്ചാണ് പുതിയ പ്രഖ്യാപനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ള റോഡ് വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മിസോറാമിലെ ത്യുയിരിയല്‍ 60 മെഗാവാട്ട് ജലവൈദ്യുത പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം. മിസോറം, മേഘാലയ തെരഞ്ഞെടുപ്പ് 2018ല്‍ നടക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
സിക്കിം, ത്രിപുര സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ മിച്ച വൈദ്യുതി സംസ്ഥാനമായി മിസോറം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ത്യുരിയല്‍ വൈദ്യുതി പദ്ധതിയില്‍ നിന്ന് 251 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുക. ഈ പദ്ധതി പൂര്‍ണതോതില്‍ വരുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."