ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും
കൊണ്ടോട്ടി: സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്ക് താഴിടാന്‍ കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കേരള പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍പ്രകാരം മുഴുവന്‍ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് രജിസ്‌ട്രേഷനില്ലാതെയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് പൂട്ടിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നേരത്തേ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഡേ കെയറുകള്‍ക്കെതിരേ ബാലാവകാശ കമ്മിഷന്‍ കര്‍ശന നിലപാടെടുത്തിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും സൗകര്യമില്ലെന്നാണ് ബാലാവകാശ കമ്മിഷന്റെ കണ്ടെത്തല്‍.
വലിയ കെട്ടിടങ്ങളുടെ മുകളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹാളുകളിലാണ് മിക്ക ട്യൂട്ടോറിയല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരയിലെ ചൂടും സുരക്ഷിതമില്ലായ്മയുംമൂലം കുട്ടികള്‍ വീര്‍പ്പുമുട്ടിയാണ് ഇവിടെ പഠിക്കുന്നത്. വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂര ഭാഗം മിക്ക ഉടമകളും വാടകയ്ക്ക് നല്‍കുന്നത് തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കാതെയാണ്.
അതിനാല്‍ സ്‌കൂള്‍ ട്യൂഷന്‍ സെന്റര്‍ മുതല്‍ പാരലല്‍ കോളജ് വരെ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.വിദ്യാര്‍ഥികളുടെ പഠന നിലവാരം, സുരക്ഷിതത്വം എന്നിവ മുന്‍നിര്‍ത്തിയാണ് ബാലാവകാശ കമ്മിഷന്‍ നിലപാട് കര്‍ക്കശമാക്കിയത്. ഇതിന്റെ ഭാഗമായി ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും കമ്മിഷന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."