ചെങ്കണ്ണ്: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അടുത്തകാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗമാണ് ചെങ്കണ്ണ്. ചികിത്സ ലഭിക്കാതിരുന്നാല്‍ ഗുരുതരവും കാഴ്ച ശക്തിപോലും നഷ്ടപ്പെടുകയും ചെയ്യുന്ന രോഗമാണ്. വൃത്തിഹീനമായ ചുറ്റുപാടാണ് രോഗം കൊണ്ടുവരുന്നത്. സമീപത്ത് എവിടെയെങ്കിലും രോഗം ഉണ്ടായാല്‍ മുന്‍കരുതല്‍ എടുക്കണം. യാത്ര ചെയ്ത് വരുമ്പോഴും മറ്റും കൈകള്‍ സോപ്പിട്ട് കഴുക എന്ന പ്രാഥമിക ശുചിത്വം അത്യന്താപേക്ഷിതമായി പാലിക്കേണ്ടത് ഇത്തരം രോഗങ്ങളെ ചെറുക്കാന്‍ ഒരുപരിധിവരെ പര്യാപ്തമാണ്.
കണ്‍വെള്ളകളിലെ ചുവപ്പ് നിറം മാറ്റവും അസഹ്യവേദനയും വെള്ളമൊലിച്ചുമുള്ള ചെങ്കണ്ണ് (കണ്‍ജംഗ്റ്റിവൈറ്റിസ്) വളരെ വേഗം പരക്കുന്നതും, എന്നാല്‍ സൂക്ഷിച്ചാല്‍ വരാതെ രക്ഷപ്പെടാവുന്നതുമായ ഒരു രോഗമാണ്. രോഗബാധിതന്റെ കണ്ണിലെ ശ്രവങ്ങളില്‍നിന്നാണ് രോഗാണു മറ്റൊരാളില്‍ എത്തുന്നത്. രോഗിയുടെ കണ്ണ് തുടച്ച കൈകളിലോ തൂവാലയിലോ സ്പര്‍ശിക്കുകയും ആ കൈ കൊണ്ട് സ്വന്തം കണ്ണിലോ തൂവാല പോലെയുള്ള മറ്റ് ഉപയോഗസാധനങ്ങളിലോ തൊടുന്നതും അതിലൂടെ രോഗാണുക്കള്‍ പകരുകയും ചെയ്യുന്നു.
രോഗികള്‍ ശ്രദ്ധിക്കേണ്ടത്
1. ഇടക്കിടെ കണ്ണുകള്‍ കഴുകുക
2. വായന, ഫോണില്‍ നോക്കുക എന്നിവ ഒഴിവാക്കി കണ്ണിന് വിശ്രമം കൊടുക്കുക
3. കണ്ണ് തിരുമ്മുന്നതും ചൊറിയുന്നതും ഒഴിവാക്കുക
4. പ്ലെയിന്‍ കണ്ണട ഉപയോഗിച്ചാല്‍ പ്രകാശത്തോടുള്ള അമിത പ്രതികരണം കുറയ്ക്കാനും പൊടിപടലങ്ങളില്‍നിന്ന് കണ്ണിനെ സംരക്ഷിക്കാനും സാധിക്കും
5. കുളങ്ങള്‍, പള്ളിയിലെ ഹൗളുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കണ്ണും മുഖവും കഴുകുന്നത് ഒഴിവാക്കിയാല്‍ രോഗവ്യാപനം തടയാം
നോട്ടത്തിലൂടെ പകരുമോ ?
രോഗിയുടെ കണ്ണിലേക്ക് നോക്കിയാല്‍പോലും കണ്ണുരോഗം പകരുമെന്ന തെറ്റിദ്ധാരണ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. രോഗാണുക്കള്‍ സ്പര്‍ശനത്തിലൂടെയാണ് പകരുക എന്നതിനാല്‍ ഇതിന് യാതൊരു ശാസ്ത്രീയവശവും ഇല്ല.
മുന്‍കരുതലുകള്‍
വളരെ വേഗം പടരുന്ന രോഗമായതിനാല്‍ രോഗം പിടിപെട്ടാല്‍ അവര്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്
1. രോഗിയുടെ തൂവാല, കണ്ണട, പേന, ഫോണ്‍ എന്നിവ ഉപയോഗിക്കാതിരിക്കുക
2. രോഗിയുമായി ഹസ്തദാനം ഒഴിവാക്കുക, ഉണ്ടായാല്‍ കൈകള്‍ സോപ്പിട്ട് കഴുകുക
3. രോഗികളായ അമ്മൂമമാര്‍ കുട്ടികളെ പരിചരിക്കുമ്പോള്‍ കൈകള്‍ സോപ്പിട്ട് കഴുകിയശേഷം മാത്രം കുട്ടികളെ എടുക്കുക. തങ്ങളുടെ തോര്‍ത്ത്, തൂവാല എന്നിവ കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."