കോണ്‍ഗ്രസിന്റേത് മാന്യമായ തോല്‍വി
ബി.ജെ.പിയുടെ തേരോട്ടത്തെ പിടിച്ചുനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അഭിമാനര്‍ഹമായ നേട്ടമാണ് ഗുജറാത്തില്‍ നേടിയെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ മുഴുവന്‍ മെഷിനറിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും മൂന്നക്ക സംഖ്യയിലെത്താന്‍ ബി.ജെ.പിക്കായില്ല എന്നതില്‍ നിന്നും ആ പാര്‍ട്ടിയുടെ അടിത്തറ ഗുജറാത്തില്‍ ഇളകിയിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. മറുവശത്താകട്ടെ ചിന്നിച്ചിതറിപ്പോയ കോണ്‍ഗ്രസിനെ സ്വരുക്കൂട്ടി 77 സീറ്റുകള്‍ കരസ്ഥമാക്കാന്‍ രാഹുല്‍ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് മാത്രമാണുണ്ടായിരുന്നത്. രാഹുലിനെ നിസാരമാക്കി തള്ളിക്കളഞ്ഞവര്‍ക്കുള്ള മറുപടിയാണ് 65 സീറ്റില്‍ നിന്നും കോണ്‍ഗ്രസിനെ 77 സീറ്റിലേക്കെത്തിച്ചത്. രാഹുലിന്റെ വ്യക്തിപ്രഭാവം സ്വാധീനം ചെലുത്തിയ ഈ തെരഞ്ഞെടുപ്പ് പുലിയെ പുലിമടയില്‍ ചെന്ന് നേരിടുന്ന രീതിയാണ് രാഹുല്‍ അവലംബിച്ചത്. നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് ചെന്ന് ന്യൂഡല്‍ഹിക്കാരനായ രാഹുല്‍ഗാന്ധി നേരിട്ടു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 150 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് കനിഞ്ഞ് നല്‍കിയെങ്കിലും നൂറു സീറ്റ് പോലും തികയ്ക്കാന്‍ അവര്‍ക്കായില്ല. ആദ്യഘട്ട പോളിങില്‍ പരാജയം മണത്ത നരേന്ദ്രമോദിയും അമിത്ഷായും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തരംതാണ രാഷ്ട്രീയമാണ് എടുത്തു പയറ്റിയത്. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ചര്‍ച്ച നടത്തിയെന്ന വര്‍ഗീയതക്ക് കുപ്രസിദ്ധമായ അഹമ്മദാബാദില്‍ പ്രസംഗിച്ച നരേന്ദ്രമോദി താന്‍ വഹിക്കുന്ന മഹത്തായ സ്ഥാനത്തിന്റെ പദവിയാണ് കളങ്കപ്പെടുത്തിയത്. ഇത്രയും തരംതാണ ഒരു പദപ്രയോഗം മുമ്പൊരു പ്രധാനമന്ത്രിമാരില്‍ നിന്നും ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. എന്നിട്ടും സര്‍വസന്നാഹങ്ങള്‍ എടുത്ത് പ്രയോഗിച്ചിട്ടും മൂന്നക്ക സംഖ്യ തികയ്ക്കാന്‍ കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബി.ജെ.പിയെ പിന്തള്ളിക്കൊണ്ട് കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ 22 വര്‍ഷത്തെ ബി.ജെ.പി ദുര്‍ഭരണത്തിന് തിരശ്ശീല വീഴുകയാണെന്ന് ജനാധിപത്യ-മതേതര വിശ്വാസികള്‍ ആശ്വസിച്ചതായിരുന്നു. എന്നാല്‍, വരും ഭാവിയില്‍ അത് സംഭവിക്കുമെന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനകള്‍. സംസ്ഥാനത്തെ പിന്നാക്ക ദലിത്-ന്യൂന പക്ഷങ്ങളെ തന്റെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ഗുജറാത്തില്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യയൊട്ടാകെ ഇത്തരമൊരു സഖ്യം ഭാവിയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്രമോദിയുടെ അപ്രമാദിത്വമാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്. ഒരു നേതാവ് വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല എന്ന പാഠം.
നരേന്ദ്രമോദിയുടെ ജന്മസ്ഥലമായ ബദുനഗര്‍ മണ്ഡലം ദീര്‍ഘകാലത്തിന് ശേഷം ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുന്നു. ഈ പ്രദേശത്തെ ചൊല്ലിയാണ് തന്റെ ചായക്കട മാഹാത്മ്യം മോദി ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിക്ക് ഇത് നിലനില്‍പിന്റെ പോരാട്ടവും കൂടിയായിരുന്നു. അതിനാലാണ് എല്ലാ തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ച് കൊണ്ട് വര്‍ഗീയ പ്രചാരണം അദ്ദേഹം അഴിച്ചുവിട്ടത്. ഗുജറാത്തിന്റെ വ്യവസായ കേന്ദ്രമാണ് കച്ച്. ജി.എസ്.ടി ഇവിടങ്ങളിലെ വ്യവസായങ്ങളെ തകര്‍ക്കുകയായിരുന്നു. ഇവിടെ പരാജയം ഉറപ്പിച്ച അമിത്ഷാ വ്യവസായ സ്ഥാപന ഉടമകളെ ടെലിഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇവിടെ നിന്നും സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചത്. നഗര മേഖലകള്‍ വര്‍ഗീയതയുടെ ഈറ്റില്ലമായതിനാല്‍ അവിടം മാത്രമാണ് ബി.ജെ.പിക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞത്. കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമീണ മേഖലകളും പരമ്പരാഗത വോട്ടര്‍മാരായ പട്ടീദാര്‍ വിഭാഗവും ദലിത് പിന്നാക്ക വിഭാഗങ്ങളും ബി.ജെ.പിയെ കൈയൊഴിഞ്ഞിരിക്കുകയാണ് ഗുജറാത്തില്‍.
ജയിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പ്രവണത 1980 മുതല്‍ ഗുജറാത്തിലെ ചില മണ്ഡലങ്ങള്‍ ഇപ്പോഴും തുടരുന്നതിനാലുമാണ് ബി.ജെ.പിക്ക് അവിടെയും വിജയം നേടാനായത്. ആദിവാസി മേഖല ബി.ജെ.പിയെ കൈയൊഴിഞ്ഞിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. സാങ്കേതിക വിജയം മാത്രമാണ് ബി.ജെ.പിയുടേത്. വാഗ്ദാനങ്ങള്‍ നിര്‍ലോഭം നല്‍കുകയും പിന്നീടത് വിസ്മരിക്കുകയും ചെയ്യുന്ന ബി.ജെ.പി പതിവ് ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങി. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഗുജറാത്തിന്റെ വികസന മുരടിപ്പും ജി.എസ്.ടിയും കര്‍ഷകരുടെ പ്രയാസങ്ങളും സാധാരണ ജനങ്ങളുടെ തൊഴിലില്ലായ്മയും എടുത്ത് പറഞ്ഞാണ് രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയതെങ്കില്‍ രണ്ടാംഘട്ട പ്രചാരണത്തില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചത് വിനയായി എന്നുവേണം കരുതാന്‍. അപ്പോള്‍ അതിലും കടുത്ത വര്‍ഗീയ പരാമര്‍ശം നടത്താന്‍ ബി.ജെ.പിക്ക് ഊര്‍ജമായി. അങ്ങനെയാണ് മണിശങ്കര്‍ അയ്യരുടെ നീചമെന്ന പദത്തെ തെറ്റായി വ്യാഖ്യാനിച്ചതും. പാകിസ്താനെന്ത് കാര്യം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്ന് പ്രസംഗിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും.
ഹിമാചലില്‍ ഓരോ തെരഞ്ഞെടുപ്പിലും ഇടവിട്ട് കോണ്‍ഗ്രസും ബി.ജെ.പിയും അധികാരം പങ്കിടുകയാണ്. കഴിഞ്ഞ തവണ വീരഭദ്രസിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമായിരുന്നുവെങ്കില്‍ ഈ പ്രാവശ്യം അത് ബി.ജെ.പിക്ക് ലഭിച്ചുവെന്ന കീഴ് വഴക്കം തുടരുന്നുവെന്നേയുള്ളൂ.
22 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തിനെതിരേ ഗുജറാത്തിലെ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് തന്നെയാണ് 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ബി.ജെ.പി ഇനിയും ഏറെ കാലം കാത്തിരിക്കേണ്ടി വരും എന്നതോടൊപ്പം തന്നെ നരേന്ദ്രമോദിയുടെ വര്‍ഗീയ അജണ്ടയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഇനിയും അധ്വാനിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."