ജറൂസലം: യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ്
യുനൈറ്റഡ് നാഷന്‍സ്: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരായ പ്രമേയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ്. ഈജിപ്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കരടുപ്രമേയത്തിനു മേലാണ് പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയോടെ വോട്ടെടുപ്പ് ആരംഭിച്ചത്. അവസാന വിവരം ലഭിക്കുമ്പോള്‍ പ്രമേയത്തിനു മേല്‍ നടപടികള്‍ തുടരുകയാണ്.
ജറൂസലമിന്റെ പദവി സംബന്ധിച്ചുള്ള ഏകപക്ഷീയമായ എല്ലാ നടപടികളെയും അസാധുവാക്കുന്നതാണു പ്രമേയം. ഇതിന്റെ കരടുരൂപം രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ശനിയാഴ്ച അയച്ചുകൊടുത്തിരുന്നു. സമിതിയിലെ അമേരിക്ക ഒഴികെയുള്ള 14 അംഗങ്ങളും പ്രമേയത്തെ പിന്താങ്ങുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍, അമേരിക്ക വീറ്റോ ചെയ്യുമെന്ന് ഉറപ്പായതിനാല്‍ പ്രമേയം രക്ഷാസമിതിയില്‍ പാസായേക്കില്ല. സമിതിയില്‍ പ്രമേയം പാസാകണമെങ്കില്‍ ഒന്‍പതു പേര്‍ അനുകൂലമായി വോട്ട് ചെയ്യുകയും യു.എസ്, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയില്‍ ഒറ്റ രാജ്യവും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കുകയും വേണം.
കഴിഞ്ഞയാഴ്ച യു.എന്‍ ആസ്ഥാനത്തു ചേര്‍ന്ന രക്ഷാസമിതി അടിയന്തര യോഗം അമേരിക്കയോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയുടെ പ്രതിനിധികള്‍ അടക്കം മുഴുവന്‍ പേരും അതിരൂക്ഷമായ സ്വരത്തിലാണ് ട്രംപിന്റെ നിലപാടിനെതിരേ സംസാരിച്ചത്. ജറൂസലമിന്റെ പദവി സംബന്ധിച്ച് ഫലസ്തീനും ഇസ്‌റാഈലും പരസ്പരം ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് തങ്ങളുടെ നിലപാടെന്ന് യൂറോപ്യന്‍ യൂനിയനും വ്യക്തമാക്കിയിട്ടുണ്ട്.
ജറൂസലമിന്റെ പദവി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."