മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍
പയ്യന്നൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പിടികിട്ടാപുള്ളിയായ കൊലക്കേസ് പ്രതി പിടിയില്‍. കൊലപാതകക്കേസിലും യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായ പേരാവൂര്‍ കേളകം സ്വദേശി ശിവാനന്ദനെയാണ് ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്.
13 വര്‍ഷം മുങ്ങി നടന്നശേഷം 2015 ല്‍ പിടിയിലായ ഇയാളെ പയ്യന്നൂര്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെതുടര്‍ന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് മാസം മുന്‍പ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെടുകയും ചെയ്തു. ഇതിന് ശേഷം ശിവാനന്ദന്‍ രാമന്തളിയില്‍ എത്തുകയും പിന്നീട് ഹരിദ്വാറിലേക്കും പോയി. ഇന്നലെ രാമന്തളി മൊട്ടക്കുന്നിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈനും സംഘവും ഇയാളെ പിടികൂടിയത്.
2003ല്‍ ബൈക്ക് യാത്രികനായ അബ്ദുല്‍നാസറിനെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശിവാനന്ദന്‍. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം നാടുവിട്ടു.
ഈ കേസില്‍ പയ്യന്നൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ 2005ല്‍ എട്ടിക്കുളം മൊട്ടക്കുന്നില്‍ വച്ച് ജോണ്‍സണ്‍ എന്നയാളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് മുങ്ങി നടക്കുകയായിരുന്നു.
ഇതിനിടിയിലാണ് പൊലിസ് പിടികൂടുകയും കോടതി മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."