ഓഖി ചുഴലിക്കാറ്റ്: കാണാതായവരെ തേടി കൊല്ലത്ത് നിന്ന് 25 ബോട്ടുകള്‍ പുറപ്പെട്ടു
കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ തേടി ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 25 ബോട്ടുകള്‍ പുറപ്പെട്ടു. കഴിഞ്ഞ രാത്രി പത്തു മണിയോടെയാണ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ ബോട്ടുകള്‍ തെരച്ചിലിനായി കടലിലേക്ക് തിരിച്ചത്. കൊല്ലം തീരത്തു നിന്ന് കടലിന്റെ എല്ലാ ദിക്കുകളിലേക്കും നീളുന്ന വിധമാണ് തെരച്ചിലിന്റെ ക്രമീകരണം. വിശദമായ തെരച്ചില്‍ നടത്തി രക്ഷപെടാന്‍ ഇനിയാരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയും കണ്ടെത്താന്‍ ശേഷിക്കുന്ന മൃതശരീരങ്ങളുണ്ടെങ്കില്‍ അതു കണ്ടെടുത്തുകയുമാണ് അന്വേഷണത്തിന്റെ ഉദ്ദേശ്യം.
തൃശൂര്‍ ചേറ്റുവയില്‍ 20 നാണ് അന്വേഷണ സംഘം ആദ്യം എത്തുക. സാധാരണ നിലയ്ക്ക് ഒറ്റ രാത്രികൊണ്ട് എത്താവുന്ന ദൂരം രണ്ടു ദിവസത്തമെടുത്ത് കൃത്യതയോടെ തെരയാനാണ് തീരുമാനം. ഇതിനായി ബോട്ടിലെ സ്രാങ്കുമാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലന ക്ലാസും നല്‍കിയിട്ടുണ്ട്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി .ടി. സുരേഷ്‌കുമാര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ വഹാബ് എന്നിവരാണ് ഹാര്‍ബറില്‍ ക്ലാസ് നല്‍കിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടാണ് ദൗത്യസംഘത്തെ നയിക്കുന്നത്. ഇവരുടെ സന്ദേശങ്ങള്‍ക്കനുസരിച്ചാണ് സംയുക്ത പരിശോധന നടത്തുക. ആകെ 125 മത്സ്യത്തൊഴിലാളികളാണ് 25 ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് നാലു ദിവസത്തെ ബത്തയായി 800 രൂപ വീതം സര്‍ക്കാര്‍ നല്‍കി. 3000 ലിറ്റര്‍ വീതം ഇന്ധനവും നല്‍കിയിട്ടുണ്ട്. ബോട്ടുടമകളുടെ പ്രതിനിധികളായി പീറ്റര്‍ മത്യാസ്, അലോഷ്യസ് യോഹന്നാന്‍, തോംസണ്‍ ഗില്‍ബര്‍ട്ട്, അനില്‍ ചാര്‍ളി എന്നിവര്‍ ശക്തികുളങ്ങര ഹാര്‍ബറിലെത്തി തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടില്‍ ജീവനക്കാരായ ഓജന്‍ദാസ്, ഷെല്ലി എന്നിവരും ലൈഫ്ഗാര്‍ഡ് റോയിയുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."