പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: സംസ്ഥാനം ഇടപെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: പ്രധാനമന്ത്രി ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാനം ശ്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. സന്ദര്‍ശനവിവരം ഔദ്യോഗികമായി സംസ്ഥാനത്തിന് ലഭിക്കുന്നത് ഡിസംബര്‍ 16നാണ്. ഡിസംബര്‍ 18, 19 തിയതികളില്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരുന്നത്. തിരുവനന്തപുരത്തെ സന്ദര്‍ശനസ്ഥലം വ്യക്തമാക്കിയിരുന്നില്ല. അവസാനം ലഭിച്ച അറിയിപ്പിലാണ് സന്ദര്‍ശനസ്ഥലം വ്യക്തമാക്കിയത്.
ആദ്യം ലഭിച്ച അറിയിപ്പ് അനുസരിച്ച് പ്രധാനമന്ത്രി കൊച്ചിയില്‍ വന്നശേഷം ലക്ഷദ്വീപില്‍ പോകുമെന്നും തിരിച്ച് 19ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു. എന്നാല്‍, അവസാനം പരിപാടിയില്‍ മാറ്റംവരുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തിയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപങ്കും ഇല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."