എ.എന്‍.സി അമരത്ത് ഇനി രാമഫോസ
കേപ്ടൗണ്‍: ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) അമരത്ത് ഇനി സിറില്‍ രാമഫോസ. പാര്‍ട്ടിയുടെയും ദക്ഷിണാഫ്രിക്കയുടെയും പ്രസിഡന്റായ ജേക്കബ് സുമയ്ക്കു പകരക്കാരനായാണു രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് കൂടിയായ സിറില്‍ രാമഫോസ തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പിലൂടെയാണ് രാമഫോസയുടെ വിജയം.
ജേക്കബ് സുമയുടെ മുന്‍ ഭാര്യയും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഡിലാമിനി സുമയെ 2,261 വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായി രാമഫോസ തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ കാലാവധി തീരുന്നതോടെ അടുത്ത ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും അദ്ദേഹം തന്നെയായിരിക്കുമെന്നാണു കരുതപ്പെടുന്നത്. പാര്‍ട്ടിയിലെ പിളര്‍പ്പ് ഭീഷണികള്‍ക്കിടെയാണു നേതാവിനായി തെരഞ്ഞെടുപ്പ് നടന്നത്.
1952ല്‍ ജോഹന്നാസ്ബര്‍ഗില്‍ ജനിച്ച സിറില്‍ രാമഫോസ 1970കളില്‍ വംശീയവിവേചനത്തിനെതിരേ നടന്ന സമരങ്ങളില്‍ പങ്കെടുത്ത് രണ്ടു തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. 1982ല്‍ ഖനി തൊഴിലാളികള്‍ക്കായി നാഷനല്‍ യൂനിയന്‍ ഓഫ് മൈന്‍ വര്‍ക്കേഴ്സ് എന്ന പേരില്‍ സംഘടന രൂപീകരിച്ചു. 1994ല്‍ പാര്‍ലമെന്റ് അംഗമായി, ഭരണഘടനാ അസംബ്ലി ചെയര്‍മാനുമായി. 1997ല്‍ മുഴുസമയ ബിസിനസിലേക്കു തിരിഞ്ഞ അദ്ദേഹം രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളുമായി. 2014ല്‍ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."