ബഷീര്‍ ചെയറില്‍ നിന്ന് ഡോ.എം.എം ബഷീര്‍ രാജിവച്ചു
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈക്കം മുഹമ്മദ് ബഷീര്‍ ചെയറില്‍നിന്ന് വിസിറ്റിങ് പ്രൊഫസര്‍ സ്ഥാനത്തുനിന്ന് ഡോ.എം.എം ബഷീര്‍ രാജിവച്ചു. അദ്ദേഹത്തോടൊപ്പം ഓണററി പ്രൊഫസര്‍ ഡോ.എന്‍ ഗോപിനാഥന്‍ നായര്‍, മാനുസ്‌ക്രിപ്റ്റ്് കീപ്പര്‍ കെ.വേലായുധന്‍ എന്നിവരും രാജി സമര്‍പ്പിച്ചു. ബഷീര്‍ നിഘണ്ടു പൂര്‍ത്തീകരിക്കുന്നതിന് സര്‍വകലാശാല അധികൃതരില്‍ നിന്നുണ്ടായ നിസഹകരണത്തെ തുടര്‍ന്നാണ് രാജി.
രാജിക്കത്തിനൊപ്പം 3918 പേജുള്ള നിഘണ്ടുവിന്റെ കോപ്പി സര്‍വകലാശാലയെ ഇവര്‍ തിരിച്ചേല്‍പിച്ചു. 2008ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന് തുടക്കം കുറിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിരനിക്ഷേപമായി നല്‍കിയ 25 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് വൈസ് ചാന്‍സിലറായിരുന്ന ഡോ.അബ്ദുല്‍ സലാം ഡോ. എം.എം ബഷീറിനെ ഏല്‍പിച്ച രണ്ടു ചുമതലകളിലൊന്ന് ബഷീറിന്റെ എല്ലാ ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തിയുള്ള നിഘണ്ടു നിര്‍മിക്കുക, ബഷീര്‍ മ്യൂസിയം സ്ഥാപിക്കുകയുമായിരുന്നു. ഈ രണ്ടുകാര്യങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള പ്രാരംഭനടപടികള്‍ മുന്‍ വൈസ് ചാന്‍സലര്‍ കൈക്കൊണ്ടു. മ്യൂസിയം കോംപ്ലക്‌സില്‍ ഓഫിസും കെട്ടിടവും അനുവദിച്ചു. ബഷീര്‍ ജന്മദിനം, ചരമദിനം, സെമിനാറുകള്‍, ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിച്ചു. നിഘണ്ടുനിര്‍മാണത്തിനാവശ്യമായ ഓണററി പ്രഫസറായി ഡോ.എന്‍. ഗോപിനാഥന്‍ നായരെയും മാനുസ്‌ക്രിപ്റ്റ് കീപ്പറായി കെ.വേലായുധനേയും നിയമിച്ചു. ഏഴു ലക്ഷത്തോളം രൂപയും ഇതിനായി അനുവദിച്ചു. എന്നാല്‍ പുതുതായി വന്ന വൈസ് ചാന്‍സിലറുടെ ഭാഗത്തുനിന്നുണ്ടായ നിസഹകരണം തടസമായി. ഓണറേറിയമോ ആവശ്യമായ പണമോ നല്‍കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ സര്‍വകലാശാലയോട് പ്രപ്പോസല്‍ സമര്‍പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ വിസിയുടെ ഭാഗത്തുനിന്നുണ്ടായ നിസഹകരണം രാജിയിലേക്ക് എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."