നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ കുരുക്ക് മുറുകുന്നു; പരസ്യമായി പിന്തുണച്ചവര്‍ മൊഴി നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴികള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ദിലീപിന് കുരുക്കു മുറുകുന്നതോടൊപ്പം സിനിമാ മേഖല വീണ്ടും ആശങ്കയിലായി. കേസിലെ പ്രധാന പ്രതിയായ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുന്‍വൈരാഗ്യം ഉണ്ടെന്ന് തെളിയിക്കുന്ന മൊഴികളാണ് പുറത്തുവന്നിരിക്കുന്നത്.
ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യര്‍, ഭാര്യ കാവ്യാമാധവന്‍, സംയുക്താവര്‍മ, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, മുകേഷ് തുടങ്ങിയവരുടെ മൊഴികളാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ഇതില്‍ മുകേഷും സിദ്ദിഖും റിമിടോമിയുമൊക്കെ നേരത്തെ പരസ്യമായി ദിലീപിനെ പിന്തുണച്ചവരാണ്. കേസില്‍ ദിലീപിനെ നീണ്ട 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന് തൊട്ടടുത്ത ദിവസം നടന്ന അമ്മ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് ദിലീപിനെ പിന്തുണച്ച രീതിയും ഏറെ ചര്‍ച്ചയായിരുന്നു.
ആലുവ പൊലിസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനുശേഷം പാതിരാത്രി കൂട്ടിക്കൊണ്ടുവന്നത് സിദ്ദിഖായിരുന്നു. അപ്പോഴൊക്കെ ദിലീപിന് സംഭവവുമായി ഒരുബന്ധവുമില്ല എന്ന നിലപാടിലായിരുന്നു സിദ്ദിഖ്. ആക്രമിക്കപ്പെട്ട നടി പലതവണ തന്റെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തുന്നെന്ന് പരാതി പറഞ്ഞെന്നും ഇത് ദിലീപിനോട് പറഞ്ഞപ്പോള്‍ ഇക്ക അതില്‍ ഇടപെടണ്ടാ എന്ന് മറുപടി പറഞ്ഞെന്നുമാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.
നടിയോട് ദിലീപിന് വിരോധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് മഞ്ജുവാര്യരുടെ മൊഴി. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നെ ആദ്യം അറിയിക്കുന്നത് ആക്രമിക്കപ്പെട്ട നടിയാണെന്നും ഇത് സംബന്ധിച്ചുള്ള തെളിവുകളും നടി നല്‍കിയിരുന്നെന്നുമാണ് മഞ്ജുവിന്റെ മൊഴി.
ദിലീപിനോട് ഇത് സംബന്ധിച്ച് പറഞ്ഞപ്പോള്‍ വിവരമില്ലാത്ത കുട്ടി പറയുന്നത് കാര്യമാക്കേണ്ട എന്നായിരുന്നു മറുപടിയെന്നും മഞ്ജുവിന്റെ മൊഴിയിലുണ്ട്. അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് എത്തിയപ്പോള്‍ ദിലീപും കാവ്യയും അടുപ്പത്തിലായിരുന്നെന്നും ഈ വിവരം മഞ്ജുവിനെ അറിയിച്ചത് നടി ആയിരുന്നെന്നുമാണ് റിമിടോമിയുടെ മൊഴി. കസിന്‍സ് എന്ന സിനിമയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി പറഞ്ഞുകേട്ടതായാണ് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്. മഞ്ജു തിരിച്ചുവരവ് നടത്തിയ സിനിമയില്‍നിന്ന് പിന്മാറണമെന്ന് ദിലീപ് തന്നോട് പറയാതെ പറഞ്ഞുവെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിട്ടുണ്ട്.
നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നേരത്തെ അറിയാമായിരുന്നെന്നും എന്നാല്‍, പ്രശ്‌നത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നുമാണ് മുകേഷ് മൊഴിനല്‍കിയിരിക്കുന്നത്. കേസിന്റെ ആദ്യഗൂഢാലോചന നടന്നെന്ന് പറയപ്പെടുന്ന അമ്മ ഷോ നടക്കുമ്പോള്‍ പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്നും മുകേഷ് മൊഴിനല്‍കിയിട്ടുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടി കാരണമായിട്ടുണ്ടെന്ന് കാവ്യ മൊഴി നല്‍കിയിട്ടുണ്ട്. അമ്മ റിഹേഴ്‌സല്‍ ക്യാംപിലടക്കം തന്നെയും ദിലീപിനെയും കുറിച്ച് നടി പറഞ്ഞുനടന്നിരുന്നു. ക്യാംപിലെ ചിത്രങ്ങളെടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തിരുന്നു. തന്റെ സ്ഥാപനമായ ലക്ഷ്യയില്‍ കേസിലെ പ്രതികളിലൊരാളായ വിഷ്ണു വന്നിരുന്നതായും കാവ്യയുടെ മൊഴിയിലുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷണ സംഘത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍, ദിലീപിനെതിരേ സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയത് കേസിന് കൂടുതല്‍ ബലം നല്‍കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."