'താങ്കളുടെ പ്രതിഛായ മലിനമാക്കിയവരെ ആര് ശിക്ഷിക്കും'- 2ജി വിധി കരുണാനിധിക്ക് സമര്‍പ്പിച്ച് വികാരഭരിതനായി രാജ
ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തനായതിന്റെ മുഴുവന്‍ ക്രഡിറ്റും ഡി.എം.കെ പരമോന്നതനേതാവ് കരുണാനിധിക്കു നല്‍കി എ.രാജ. കേസിലെ വിധി കരുണാനിധിയുടെ കാല്‍ക്കല്‍ വെക്കുന്നതായി കരുണാനിധിക്ക് എഴുതിയ വികാരഭരിതമായ കത്തില്‍ രാജ വ്യക്തമാക്കി. 80 വര്‍ഷത്തെ താങ്കളുടെ പൊതുജീവിതത്തെ മോശമായി ചിത്രീകരിച്ചവരെ ആര് ശിക്ഷിക്കുമെന്നും എഴുത്തില്‍ രാജ ചോദിക്കുന്നു.
'2ജി വിധി ഞാന്‍ നന്ദിയോടെ താങ്കളുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു. താങ്കള്‍ എന്നെ മഞ്ഞില്‍ വാര്‍ത്തെടുത്തതാണ്. അതിനാല്‍ ഈ സ്‌പെക്ട്രം യുദ്ധത്തില്‍ ഞാന്‍ അലിഞ്ഞുപോവില്ല. താങ്കളുടെ വാക്കുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്'- രാജ കുറിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും രാജ കത്തില്‍ ആഞ്ഞടിച്ചു. വ്യക്തികള്‍ ആവിഷ്‌കരിച്ച 2ജി അഴിമതി സി.ബി.ഐ ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണം രാഷ്ട്രീയ ആദര്‍ശത്തെ കളങ്കപ്പെടുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുണാനിധിയുടെ അധികാരത്തെ കുലുക്കാനാവാത്തവര്‍ക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളെ കെണിയിലകപ്പെടുത്തിയതാണെന്ന് മനസ്സിലാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി കേസില്‍ രാജയും കനിമൊഴിയുമുള്‍പെടെ മുഴുവന്‍ പ്രതികളേയും കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."