ഓഖി: കേന്ദ്രസംഘം 26ന് എത്തും
തിരുവനന്തപുരം: ഓഖി ദുരന്തം വിതച്ച കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്കായി കേന്ദ്രസംഘം എത്തുന്നു.
26 മുതല്‍ 29 വരെയാണ് കേരളത്തിലെ സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ഡോ.വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കേരളത്തിലെത്തുന്നത്. സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക.
കേരളത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വിലയിരുത്തല്‍ നടത്തുക. തിരുവനന്തപുരം, കൊല്ലം ഭാഗത്ത് ആദ്യ സംഘവും ആലപ്പുഴ, കൊച്ചി ഭാഗത്ത് രണ്ടാമത്തെ സംഘവും തൃശൂര്‍ മുതല്‍ വടക്കന്‍ കേരളത്തിലെ മറ്റ് സ്ഥലങ്ങളില്‍ മറ്റൊരു സംഘവും പരിശോധന നടത്തും. സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ദുരിതത്തിന് ഇരയായ മുഴുവന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ നേരിട്ടുകണ്ട് വിവരങ്ങള്‍ ശേഖരിക്കും. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി, കേന്ദ്ര ഫിഷറീസ്, കൃഷി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."