ഉത്തരകൊറിയ: യു.എന്‍ ഉപരോധത്തെ അഭിനന്ദിച്ച് ട്രംപ്
വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ യു.എന്‍ രക്ഷാസമിതിയുടെ നടപടിയെ അഭിനന്ദിച്ച് ട്രംപ്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വീണ്ടും നടത്തിയതിനെ തുടര്‍ന്നാണ് ഉത്തരകൊറിയക്കെതിരേ കഴിഞ്ഞ ദിവസം ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇന്ധന ഇറക്കുമതി, വിദേശ രാജ്യങ്ങളിലെ ഉത്തരകൊറിയന്‍ പൗരന്മാരെ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചയക്കല്‍ എന്നീ പ്രമേയങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രക്ഷാ സമിതിയിലെ ചൈന ഉള്‍പ്പെടെയുള്ള 15 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ലോകത്തിന് വേണ്ടത് സമാധാനമാണെന്നും യുദ്ധമല്ലെന്നും രക്ഷാ സമിതിയല്‍ നടന്ന വോട്ടെടുപ്പ് തെളിയിക്കുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
കൂടുതല്‍ ധിക്കാരങ്ങള്‍ കൂടുതല്‍ ശിക്ഷകളിലേക്കും ഒറ്റപ്പെടുത്തലിലേക്കും ഉത്തരകൊറിയയെ നയിക്കുമെന്ന സന്ദേശമാണ് ഉപരോധം നല്‍കുന്നതെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കിഹാലെ പറഞ്ഞു. ആധുനിക ലോകത്തെ തിന്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തരകൊറിയയെന്ന് നിക്കി ഹാലെ പറഞ്ഞു.
ആണവായുധ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് ഉപരോധത്തിലൂടെ തുറന്നതെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഉത്തരകൊറിയയുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിക്ക് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടാണെന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ തെളിഞ്ഞുവെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കൊറിയന്‍ ഭൂഖണ്ഡത്തിലെ സാഹചര്യം സങ്കീര്‍ണമാണെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ എല്ലാ ഭാഗത്തുനിന്നും ശ്രമം ആവശ്യമാണെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അസംസ്‌കൃത ഇന്ധനവും ശുദ്ധീകരിച്ച ഇന്ധനവും ഇറക്കുമതി ചെയ്യുന്നത് തടയുകയെന്നുള്ളതാണ് ഉപരോധത്തിലെ പ്രധാന ലക്ഷ്യം. ഉത്തരകൊറിയയിലേക്ക് കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. ഉപരോധം പ്രാബല്യത്തില്‍ വന്നതോടെ ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിയുടെ 90 ശതമാനം വരവും നിലയ്ക്കും.
ഇനി ഉത്തരകൊറിയയിലേക്ക് ഇന്ധന ഇറക്കുമതി ചെയ്യാന്‍ യു.എന്നിന്റെ അനുമതി തേടണം. കൂടാതെ ഇറക്കുമതി ചെയ്യുന്നതിന്റെ വിവരങ്ങളും യു.എന്നിന് കൈമാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."