ആര്‍.എം.എസ്.എ റിസോഴ്‌സ് അധ്യാപകരെ അവഗണിക്കുന്നു
മുക്കം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ റിസോഴ്‌സ് അധ്യാപകര്‍ക്കുള്ള വേതനം മുടങ്ങിയതായി പരാതി. ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ക്ക് കീഴിലെ 765 റിസോഴ്‌സ് അധ്യാപകര്‍ക്കാണ് മൂന്ന് മാസമായി വേതനം ലഭിക്കാത്തത്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന സഹായം നല്‍കുന്നതിനായി ഐ.ഇ.ഡി.എസ്.എസ് (ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അറ്റ് സെക്കന്‍ഡറി സ്റ്റേജ്) പദ്ധതി പ്രകാരം കരാറടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ഹൈസ്‌കൂളുകളില്‍ നിയമിതരായ റിസോഴ്‌സ് അധ്യാപകര്‍ക്കാണ് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ വേതനം ലഭിക്കാത്തത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലെ വേതനവും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
അധ്യാപകര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ 21നാണ് പുനര്‍നിയമനം ലഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല അധ്യാപക പരിശീലന പരിപാടികളില്‍ റിസോഴ്‌സ് അധ്യാപകര്‍ പങ്കെടുത്തെങ്കിലും ഈ മാസങ്ങളിലെ വേതനവും നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന ഫണ്ടാണ് റിസോഴ്‌സ് അധ്യാപകര്‍ക്ക് വേതനം നല്‍കാന്‍ ഉപയോഗിക്കുന്നത്.
60 ശതമാനം ഫണ്ട് കേന്ദ്ര മാനവശേഷി മന്ത്രാലയവും 40 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വേതന വിതരണത്തിനായി വഹിക്കേണ്ടത്.
എന്നാല്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നതിലുള്ള അനിശ്ചിതത്വമാണ് അധ്യാപകരുടെ വേതനം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. അതേ സമയം ആര്‍.എം.എസ്.എക്ക് സമാനമായി കേന്ദ്രഫണ്ട് ഉപയോഗിച്ച് വേതനം നല്‍കുന്ന എസ്.എസ്.എ (സര്‍വ്വ ശിക്ഷാ അഭിയാന്‍) യിലെ റിസോഴ്‌സ് അധ്യാപകക്ക് കൃത്യമായി വേതനം നല്‍കുന്നുണ്ടെന്ന് ആര്‍.എം.എസ്.എ റിസോഴ്‌സ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജനുവരിയോടെ ഇത് ലഭിച്ചേക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
17 വര്‍ഷമായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും റിസോഴ്‌സ് അധ്യാപകരിലുണ്ട്. പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച റിസോഴ്‌സ് അധ്യാപകരെ ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
റിസോഴ്‌സ് അധ്യാപകരുടെ വേതന വിതരണത്തിന് പദ്ധതി തയാറാക്കണമെന്നും വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."