റിയാദ് മിസൈല്‍ ആക്രമണം: ഹൂതികള്‍ക്ക് യു.എന്‍ രക്ഷാസമിതി മുന്നറിയിപ്പ്
റിയാദ്: തലസ്ഥാനമായ റിയാദിനുനേരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി ശക്തമായ ഭാഷയില്‍ അപലപിച്ചു.
സഊദി അറേബ്യയുടെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന ഹൂതികള്‍ക്ക് രക്ഷാസമിതി മുന്നറിയിപ്പും നല്‍കി.
ഹൂതികളുടെ ആക്രമങ്ങള്‍ക്കെതിരേ അപലപിക്കണമെന്ന സഊദിയുടെ ആവശ്യമനുസരിച്ചാണ് യു.എന്‍ രക്ഷാസമിതി പ്രസ്താവന ഇറക്കിയതെന്ന് ഐക്യരാഷ്ട്ര സഭയിലെ സഊദിയുടെ ഡെപ്യൂട്ടി പ്രതിനിധി ഡോ.ഖാലിദ് മിന്‍സലാവി പറഞ്ഞു.
സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഇക്കാര്യം രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.
യമനിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും മറ്റും ഇറക്കുന്നത് വിലക്കുന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം നിലവില്‍ ഹൂതികള്‍ ലംഘിക്കുകയാണ്. വിനാശകാരികളായ ബാലിസ്റ്റിക്ക് മിസൈല്‍ ഹൂതികളുടെ കരങ്ങളില്‍ എത്തിപ്പെട്ടത് മേഖലക്ക് തന്നെ മൊത്തത്തില്‍ ഭീഷണിയാണ്.
ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് തന്നെ എതിരാണെന്നും രക്ഷാസമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭാ തീരുമാനങ്ങളെ വകവയ്ക്കാതെ ആക്രമണം നടത്തുന്ന ഹൂതികളുടെ നടപടിയെ രക്ഷാ സമിതി അപലപിച്ചതോടൊപ്പം യമനില്‍ സഊദി അറേബ്യ നടത്തുന്ന ദുരിതാശ്വാസ നടപടികളെ പ്രശംസിക്കുകയും ഹുദൈദ തുറമുഖം തുറക്കാന്‍ നടത്തിയ ശ്രമങ്ങളെയും പ്രശംസിക്കുകയും ചെയ്‌തെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 19നാണ് ഏറ്റവും ഒടുവില്‍ റിയാദ് ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചത്. ഇതിനു മുന്‍പും നിരവധി തവണ സഊദി ലക്ഷ്യമാക്കി മിസൈല്‍ അയച്ചിരുന്നു. മക്കയടക്കം 83 തവണയാണ് സഊദി ലക്ഷ്യമാക്കി ഹൂതികള്‍ മിസൈല്‍ അയച്ചത്. എന്നാല്‍ സഊദി വ്യോമ പ്രതിരോധ സേന മിസൈല്‍ വേധ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇതെല്ലം നിലം തൊടുക്കുന്നതിനു മുന്‍പുതന്നെ തകര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."