വന്യമൃഗ ശല്യം; പ്രതീക്ഷ മന്ത്രിയുടെ പ്രസ്താവനയില്‍
മുളേളരിയ: വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളുടെ അക്രമം തടയാന്‍ വേലി നിര്‍മിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനയില്‍ പ്രതീക്ഷിച്ച് കര്‍ഷകര്‍. കഴിഞ്ഞ 14 നു കാസര്‍കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു വനാതിര്‍ത്തികളിലെ വന്യമൃഗശല്യം തടയാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് പറഞ്ഞത്. നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവനയെങ്കിലും ശാശ്വത പരിഹാരമാകാനുള്ള കാത്തിരിപ്പിലാണ് വനമേഖലകളില്‍ താമസിക്കുന്നവര്‍.
2012-ല്‍ കാസര്‍കോട് വനം വകുപ്പ് ഡിവിഷന്‍ നിലവില്‍ വന്നത് മുതല്‍ 2016 വരെയുളള കണക്ക് പ്രകാരം 678 പേര്‍ക്കാണ് വന്യമൃഗങ്ങളുടെ അക്രമം മൂലം കൃഷി നാശം നേരിട്ടത്. മുളിയാര്‍, കാറഡുക്ക, ദേലംപാടി എന്നീ പഞ്ചായത്തുകളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതില്‍ നാലു വര്‍ഷത്തിനിടെ 60.33ലക്ഷം രൂപ മാത്രമാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നല്‍കിയത്. വന്യ ജീവകള്‍ നിമിത്തമുളള കൃഷി നാശത്തിന് കൃഷി വകുപ്പില്‍ നിന്ന് ആനുകൂല്യങ്ങള്‍ നല്‍കാറുമില്ല. വനം വകുപ്പില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ നഷ്ടപരിഹാര തുകയാണ് കര്‍ഷകര്‍ക്ക് ഏക ആശ്വാസം.
കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ആനകൂട്ടമാണ് കര്‍ഷകരെ ഏറ്റവും ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി 15-ഓളം വരുന്ന ആനകള്‍ അതിര്‍ത്തി കടന്ന് മുളിയാര്‍, കാനത്തൂര്‍, പാണൂര്‍, കൊളത്തിങ്കര, കൊട്ടംക്കുഴി, അഡൂര്‍, പാണ്ടി, ദേലംപാടി പ്രദേശങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ഏതാനും ഭാഗങ്ങളില്‍ സോളാര്‍ വേലി നിര്‍മിച്ചെങ്കിലും പല ഇടങ്ങളിലും തകര്‍ന്നു കിടക്കുകയാണ്. കാട്ടാന ശല്യത്തിന് പുറമേ, പന്നി, കുരങ്ങ്, കാട്ട്‌പോത്ത് എന്നിവയും വ്യാപകമായി ഇറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."