ആഴ്സണലിനെ പിന്തള്ളി ടോട്ടനം; മാഞ്ചസ്റ്ററിന് സമനിലക്കുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടനം ഹോട്സ്പര്‍ എവേ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ക്രിസ്മസ് ഹാപ്പിയാക്കി. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടോട്ടനം പ്രീമിയര്‍ ലീഗില്‍ ഒരു എവേ മത്സരം വിജയിക്കുന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ബേണ്‍ലിയെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പര്‍ താരം ഹാരി കെയ്ന്‍ നേടിയ ഹാട്രിക്ക് ഗോളുകളാണ് ടോട്ടനത്തിന്റെ വിജയം അനായാസമാക്കിയത്. കളിയുടെ ഏഴാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ടോട്ടനത്തിന് ലീഡ് സമ്മാനിച്ച കെയ്ന്‍ പിന്നീട് 69, 79 മിനുട്ടുകളിലും വല ചലിപ്പിക്കുകയായിരുന്നു. ജയത്തോടെ ആഴ്സണലിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും ടോട്ടനത്തിന് സാധിച്ചു.
അതേസമയം കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണ്ടും വെട്ടിലായി. ലെയ്സ്റ്റര്‍ സിറ്റിക്കെതിരായ എവേ പോരാട്ടത്തില്‍ അവര്‍ക്ക് 2-2ന് സമനില പാലിക്കേണ്ടി വന്നു. 2-1 എന്ന നിലയില്‍ വിജയത്തില്‍ നില്‍ക്കേ ഇഞ്ച്വറി ടൈമില്‍ ഗോള്‍ വഴങ്ങി അവര്‍ വിലപ്പെട്ട രണ്ട് പോയിന്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ലെയ്സ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ തളച്ചതോടെ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി 14 പോയിന്റ് വ്യത്യാസത്തിലാണ് യുനൈറ്റഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."