ആറന്മുള: കേന്ദ്രത്തെ കെ.ജി.എസ് തെറ്റിദ്ധരിപ്പിച്ചെന്ന് കുമ്മനം
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിക്കായി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിനായി വസ്തുതകള്‍ മറച്ചുവയ്ക്കുകയും വ്യാജ പ്രസ്താവനകള്‍ നടത്തുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിനു ഷെയറുണ്ടെന്നും പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായുണ്ടെന്നും കെ.ജി.എസ് ബോധിപ്പിച്ചിരുന്നു.
എന്നാല്‍, ഇതെല്ലാം അസത്യമാണ്. വിമാനത്താവളത്തിനു പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍, നാളിതുവരെ വിമാനത്താവളത്തിനു പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. പ്രതിരോധ മന്ത്രാലയം നല്‍കിയെന്നു പറയുന്ന അനുമതി മന്ത്രി നേരിട്ടു പിന്‍വലിച്ചതാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
പദ്ധതിക്കെതിരേ കേസുകള്‍ നിലവിലില്ലെന്ന കമ്പനിയുടെ വാദവും തെറ്റാണ്. ഹൈക്കോടതിയില്‍ സുഗതകുമാരി നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. ലാന്‍ഡ് ബോര്‍ഡില്‍ലും കേസുണ്ട്. ജില്ലാ കലക്ടര്‍ മുന്‍പാകെ നിരവധി പരാതികള്‍ പദ്ധതിക്കെതിരായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, ഭൂപരിഷ്‌കരണ നിയമം എന്നിവ കമ്പനി ലംഘിച്ചെന്നു ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."