പാര്‍ട്ടി സമ്മേളനത്തിലേക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് ധൂര്‍ത്ത്
തിരുവനന്തപുരം: ഖജനാവില്‍ പണമില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂര്‍ത്ത് ഹെലികോപ്റ്ററില്‍ കറങ്ങി. കഴിഞ്ഞ ദിവസം സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി സാമ്പത്തിക സ്ഥിതിയെ കുറിച്ച് പരിതപിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകക്കെടുത്താണ് തിരുവനന്തപുരത്തേയ്ക്ക് പറന്നത്. മന്ത്രിസഭാ യോഗത്തിനുശേഷം അതേ ഹെലികോപ്റ്ററില്‍ വീണ്ടും തൃശൂരിലെ സമ്മേളന സ്ഥലത്തേയ്ക്ക്.
സര്‍ക്കാര്‍ പരിപാടിയ്ക്ക് വേണ്ടിയല്ല വീണ്ടും തൃശൂരിലേയ്ക്ക് പറന്നത്.
സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം കൂടുക. അത്യാവശ്യമെങ്കില്‍ നേരത്തെ ചേരും. എന്നാല്‍ ഈ മന്ത്രിസഭാ യോഗം നേരത്തെ കൂടേണ്ട ആവശ്യവും ഇല്ലായിരുന്നു.
പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചതും നിലവിലുള്ള ചീഫ് സെക്രട്ടറിയ്ക്ക് പുതിയ പദവി നല്‍കാനും നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനുമായിരുന്നു. ചീഫ് സെക്രട്ടറി 30നു മാത്രമേ വിരമിക്കൂ. അടുത്ത നിയമസഭാ സമ്മേളന തിയതി നിശ്ചയിക്കാത്തതിനാല്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കാന്‍ വേണ്ടിയും മന്ത്രിസഭാ യോഗം ധൃതിയില്‍ കൂടേണ്ടതില്ല. മുഖ്യമന്ത്രി പറന്നെത്തി മന്ത്രിസഭായോഗം നടത്തിയെങ്കിലും പല മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച ഹെലികോപ്റ്ററിന്റെ വാടക ആര് നല്‍കുമെന്ന് ഉന്നതങ്ങളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ലാത്തതിനാല്‍ ചെലവ് പൊതുഭരണ വകുപ്പ് നല്‍കിയാല്‍ ചോദ്യം ചെയ്യപ്പെട്ടേയ്ക്കും.
അതേ സമയം, യൂസഫലിയുടെ നാട്ടികയിലെ വീടിനു സമീപത്ത് നിന്നാണ് ഹെലികോപ്റ്റര്‍ പറന്നതും വന്നിറങ്ങിയതും.
അതിനാല്‍ യൂസഫലിയുടെ ചെലവിലാണ് പറന്നെതെന്ന ആരോപണവുമുണ്ട്. കഴിഞ്ഞ നവംബര്‍ ആറിന് മധുരയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.
സംസ്ഥാന പൊലിസ് ആസ്ഥാനത്തു നിന്നാണ് വിമാനം ബുക്ക് ചെയ്തത്. ഇതിന്റെ വാടക ഏത് കണക്കില്‍ പെടുത്തിയാണ് കൊടുത്തതെന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."