കേന്ദ്രസംഘം ദുരിത മേഖലകള്‍ സന്ദര്‍ശിച്ചു
കൊച്ചി: ഓഖി കടല്‍ക്ഷോഭത്തില്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ 30.15 കോടിയുടെ നാശനഷ്ടം. കടലാക്രമണം തടയാന്‍ കടല്‍ഭിത്തി, ജിയോ ടെക്സ്റ്റൈല്‍ ട്യൂബ് സ്ഥാപിക്കാന്‍ 85.95 കോടി രൂപ ചെലവ് വരുമെന്നും ജില്ലാ ഭരണകൂടം.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട മേഖലകളിലും ഹാര്‍ബറുകളിലും സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുനമ്പം മുതല്‍ ചെല്ലാനം വരെയുള്ള തീരമേഖലയില്‍ കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തി, ജിയോ ടെക്സ്റ്റൈല്‍ ട്യൂബ് എന്നിവ സ്ഥാപിക്കുന്നതിന് 85.95 കോടി രൂപ ചെലവു വരുമെന്ന് കേന്ദ്രസംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെല്ലാനത്ത് 51.34 കോടിയുടെയും വൈപ്പിനില്‍ 34.60 കോടിയുടെയും ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ചെല്ലാനത്ത് വേളാങ്കണ്ണി പള്ളി, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കല്‍ മേഖലകളില്‍ കടലാക്രമണം പ്രതിരോധിക്കുന്നതിന് ജിയോ ടെക്സ്റ്റൈല്‍ ട്യൂബ്, പുത്തന്‍തോട് ഫിഷിങ് ഗ്യാപ്പില്‍110 മീറ്റര്‍ നീളത്തില്‍ ജിയോ ടെക്‌സ്‌റ്റൈല്‍ ബാഗുകള്‍, കണ്ടക്കടവിലും പഞ്ചായത്തിലെ മറ്റ് മേഖലകളിലും കടല്‍ഭിത്തി നിര്‍മാണം, കടല്‍ഭിത്തി സംരക്ഷണം എന്നിവയാണ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍.
എട്ടിടത്തു കടല്‍ഭിത്തി സംരക്ഷണം, കടലാക്രമണ ഭീഷണി നേരിടുന്ന മറ്റ് പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം എന്നിവയും നിര്‍ദേശിക്കുന്നു. ഓഖി കടല്‍ക്ഷോഭത്തില്‍ വിവിധ ഇനങ്ങളിലായി 30.15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്.
പത്തു വീടുകളും ആറ് കുടിലുകളും പൂര്‍ണമായി തകര്‍ന്നു. 464 വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു.വീടുനഷ്ടപ്പെട്ടവര്‍ക്കും കേടുപാടു പറ്റിയവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ 23.76 ലക്ഷം രൂപ വേണ്ടി വരും. രണ്ടു മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 40 പേര്‍ക്ക് പരുക്കേറ്റു. കടലില്‍ നിന്നു കൊച്ചിയിലെത്തിച്ച അഞ്ചു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 32 പേരെ കാണാതായി. ഇതില്‍ 30പേര്‍ തമിഴ്‌നാട്, രണ്ടുപേര്‍ അസം സ്വദേശികളുമാണ്. കൃഷിനാശം മൂലം 31.40 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു.
3.69 കോടിയുടെ നാശനഷ്ടമാണ് മത്സ്യബന്ധന മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 132 യാനങ്ങള്‍ക്ക് കേടുപാടു സംഭവിച്ചതിലുള്ള നഷ്ടം 3.27 കോടിയാണ്. മത്സ്യബന്ധന വലകള്‍ക്കുണ്ടായ നഷ്ടം 27 ലക്ഷവും.
മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാര്‍ബറുകള്‍, കണ്ണമാലി, ചെല്ലാനം, വൈപ്പിന്‍ എന്നിവിടങ്ങളാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനിലെ ബീച്ച് ഇറോഷന്‍ വിഭാഗം ഡയറക്ടര്‍ ആര്‍. തങ്കമണി, കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിലെ അസി.അഡൈ്വസര്‍ സുമിത് പ്രിയദര്‍ശിനി എന്നിവര്‍ നാശനഷ്ടം വിലയിരുത്തിയത്. നെടുമ്പാശ്ശേരിയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുമായി സംഘം കൂടിക്കാഴ്ച്ച നടത്തി. ഓഖി നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ കെ മുഹമ്മദ് വൈ.സഫിറുള്ള വിശദീകരിച്ചു.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ അടങ്ങുന്ന റിപ്പോര്‍ട്ടും കലക്ടര്‍ കൈമാറി. ഇവിടെ നിന്നു തോപ്പുംപടി ഹാര്‍ബറിലെത്തിയ സംഘം പ്രൊഫ. കെ.വി തോമസ് എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, ബോട്ടുടമാ സംഘം ഭാരവാഹികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. മത്സ്യ തൊഴിലാളികളോടും സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം വൈപ്പിനില്‍ സന്ദര്‍ശനം നടത്തി. കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിര്‍മിക്കണമെന്നും കടല്‍ഭിത്തി ശക്തിപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. എടവനക്കാട് അണിയില്‍ കടപ്പുറത്തും തകര്‍ന്ന വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സംഘം ഇന്ന് ആലപ്പുഴയിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."