എവറസ്റ്റ് കീഴടക്കിയ വികലാംഗയായ അരുണിമക്ക് ക്ഷേത്ര പ്രവേശനത്തിന് വിലക്ക്
ഭോപ്പാല്‍: കാല് നഷ്ടപ്പെട്ടിട്ടും എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയെ സാരി ധരിക്കാത്തതിന്റെ പേരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് വിലക്കി. മഹാരാഷ്ട്രയിലെ മഹാകാള്‍ ക്ഷേത്രത്തിലാണ് മുന്‍ ദേശീയ വോളിബോള്‍ ടീമംഗം കൂടിയായ അരുണിമ അപമാനിക്കപ്പെട്ടത്.
ക്ഷേത്രത്തില്‍ വച്ച് തന്റെ അംഗവൈകല്യത്തെ ചിലര്‍ പരിഹസിച്ചതായും അരുണിമ ആരോപിച്ചു. ക്ഷേത്രത്തില്‍ തനിക്കുണ്ടായ അനുഭവം എവറസ്റ്റ് കീഴടക്കുന്നതിനേക്കാള്‍ പ്രയാസമേറിയതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മഹാരാഷ്ട്ര സംസ്ഥാന വനിതാ ശിശുവികസന മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ട്രാക്ക് സ്യൂട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന അരുണിമയുടെ സി.സി.ടി.വി ദൃശ്യമാണ് അധികൃതര്‍ ന്യായീകരണത്തിനായി ചൂണ്ടിക്കാട്ടുന്നത്.
ഭസ്മ ആരതി സമയത്ത് സ്ത്രീകളെ സാരിയിലും പുരുഷന്മാരെ മുണ്ടുടുത്തും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കു എന്നതാണ് നിയമമെന്ന് ക്ഷേത്ര ഭരണാധികാരി അവ്ധേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ അതേ ദൃശ്യത്തില്‍ തന്നെ ജീന്‍സ് ധരിച്ച ഒരാള്‍ അകത്ത് പ്രവേശിക്കുന്നുണ്ടെന്നും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അരുണിമ ചോദിക്കുന്നു.
താന്‍ വികലാംഗയായതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും അവര്‍ പറഞ്ഞു. മുന്‍ ദേശീയ വോളിബോള്‍ ടീമംഗമായ അരുണിമയെ തീവണ്ടിയാത്രക്കിടയില്‍ അക്രമികള്‍ പുറത്തേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് കാലുകള്‍ നഷ്ടമായത്. പിന്നീട് സ്വന്തം ഇച്ഛാശക്തികൊണ്ട് മാത്രം അവര്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."