കേരളത്തിലേക്കുള്ള സഊദി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ നടപടികള്‍ കേരളത്തിലേക്ക് വരുന്ന സഊദി ടൂറിസ്റ്റുകളെ പിന്നോട്ടടിപ്പിക്കുന്നു. പുതിയ നിബന്ധനമൂലം കേരളത്തിലേക്ക് വിനോദസഞ്ചാരത്തിനായുള്ള സഊദി പൗരന്മാരുടെ വരവില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള വിസയ്ക്കായി വിരലടയാളം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കണമെന്ന പുതിയ നിബന്ധനയാണ് സഊദി പൗരന്മാരെ പിന്നോട്ടടിപ്പിക്കാന്‍ കാരണം.
കഴിഞ്ഞ വര്‍ഷമാണ് സഊദിക്കു മാത്രമായി പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയത്. സീസണ് കാലയളവില്‍ ഇന്ത്യയിലേക്കു നിരവധി സഊദി ടൂറിസ്റ്റുകളാണു വര്‍ഷംതോറും എത്തിക്കൊണ്ടിരുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും കേരളത്തിലേക്കായിരുന്നു. ടൂര്‍ ഓപറേറ്റര്‍മാരുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 56,000 സഊദി പൗരന്മാരാണു സംസ്ഥാനത്തെത്തിയത്. അതേസമയം ഈ വര്‍ഷം ഇതുവരെയായി വെറും കാല്‍ലക്ഷത്തില്‍ താഴെ മാത്രം പേരാണ് എത്തിയത്.
സംസ്ഥാനത്തെ മണ്‍സൂണ്‍ ടൂറിസത്തിന് ഏറ്റവും വലിയ ആഘാതമാണു പുതിയ നിയമം വരുത്തിവയ്ക്കുന്നത്. ടൂറിസംരംഗം മെച്ചപ്പെടുത്തി വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇത്തരം നിയമങ്ങള്‍ ഇതിനു വിലങ്ങുതടിയായി നിലകൊള്ളുകയാണ്.
സുരക്ഷാകാര്യങ്ങള്‍ക്ക് ഇതു നല്ലതാണെങ്കിലും നടപ്പാക്കുന്നതിലെ പോരായ്മയാണ് ഇവിടെ വില്ലനാകുന്നത്. വിവിധ രാജ്യങ്ങളില്‍ വിരലടയാളം എടുക്കുന്നതു തന്നെ വിദേശികള്‍ വിമാനത്താവളത്തില്‍ എത്തുന്ന അവസരത്തിലാണ്. ഇത്തരം സംവിധാനം ഇന്ത്യയിലും നടപ്പാക്കണമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."