ഇനിയും പലതും ചെയ്യാനാകുമെന്ന് ശ്രീറാം വെങ്കിട്ടരാമനോട് വി.എസ്
തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ആയിരിക്കെ ചെയ്തതുപോലെ എംപ്ലോയ്മെന്റ് ഡയറക്ടര്‍ സ്ഥാനത്തിരുന്നും പലതും ചെയ്യാനാകുമെന്ന് ശ്രീറാം വെങ്കിട്ടരാമനോട് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. ഉമ്മാശ്ശേരി മാധവന് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഞ്ചാമത് ചാരിറ്റി പുരസ്കാരം എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടര്‍ ഡോ. ശ്രീറാംവെങ്കിട്ടരാമന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006ല്‍ മൂന്നാര്‍ കൈയേറ്റം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ല. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ഇനിയും തുടരേണ്ടതുണ്ട്. ജനങ്ങളോട് പ്രതിബദ്ധതയും സത്യസന്ധതയുമുള്ളവര്‍ മറ്റൊന്നിനെയും ഭയക്കേണ്ടതില്ലെന്ന ഉപദേശവും അദ്ദേഹം ശ്രീറാം വെങ്കിട്ടരാമന് നല്കി. വി.എസിനെ നേരില്‍ കാണണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിരുന്നെന്നും അവാര്‍ഡ് വേദിയില്‍ തന്നെ അത് സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു. അവാര്‍ഡ് തുകയായ 25,000 രൂപ ദേവികുളത്തെ ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനുള്ള ഫീസായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ദേവികുളത്തെ 2480 ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നടപടിയെടുത്തതു കൂടി പരിഗണിച്ചാണ് ശ്രീറാമിന് അവാര്‍ഡ് നല്‍കിയത്.
തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് ബാബു ഉമ്മാശ്ശേരി അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, ചുനക്കര ജനാര്‍ദനന്‍നായര്‍, ഡോ. പുനലൂര്‍ സോമരാജന്, അശ്വതി ജ്വാല, തെരുവോരം മുരുകന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."