മദ്യ പരിശോധനയ്ക്ക് മൊബൈല്‍ ലാബ്; ഉദ്ഘാടനത്തിനു മുന്‍പെ വകുപ്പില്‍ ഭിന്നത
കോഴിക്കോട്: ഉത്തര മേഖല മൊബൈല്‍ മദ്യ പരിശോധന ലാബിന്റെ പ്രവര്‍ത്തനം തുടങ്ങും മുന്‍പെ തലപ്പത്തെ നിയമനത്തെചൊല്ലി വകുപ്പില്‍ ഭിന്നത. സംസ്ഥാനത്ത് ആറു സര്‍ക്കിളുകളിലാണ് പുതുതായി മൊബൈല്‍ മദ്യ പരിശോധനാ ലാബ് തുടങ്ങുന്നത്. മലബാറിലെ അഞ്ചു ജില്ലകളുടെ ചുമതലയുള്ള താമരശ്ശേരി താലൂക്ക് സര്‍ക്കിളിന്റെ മൊബൈല്‍ യൂനിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് വകുപ്പില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ യൂനിറ്റിന്റെ ചുമതലയുള്ള എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരേ രംഗത്തുവന്നത്.
കഴിഞ്ഞ 20 ന് ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മിഷണര്‍ ഇറക്കിയ ഉത്തരവിലാണ് നിലവില്‍ കോഴിക്കോട് എന്‍ഫോഴ്്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ഇന്നലെ മുതല്‍ മൊബൈല്‍ മദ്യ പരിശോധനാ ലാബിന്റെ ചുമതല നല്‍കിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍, സിവില്‍ എക്സൈസ് ഓഫിസര്‍, ഡ്രൈവര്‍ എന്നിങ്ങനെ മൂന്നു തസ്തികകളിലാണ് മൊബൈല്‍ ലാബിലേക്ക് നിയമനം. ഇതില്‍ എക്സൈസ് ഇന്‍സ്പെക്ടറായി ചുമതല നല്കിയ ഉദ്യോഗസ്ഥനെതിരേയാണ് വകുപ്പില്‍ അഭിപ്രായ വ്യത്യാസമുള്ളത്. 2010 ല്‍ കുറ്റിപ്പുറം മദ്യ ദുരന്തത്തില്‍ സസ്പെന്ഷന് നടപടിക്ക് വിധേയനായ ഇദ്ദേഹം ജില്ലയില്‍ ജോലി ചെയ്തപ്പോഴും ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ഒരുവിഭാഗം പറയുന്നു.
കോഴിക്കോട് വെള്ളലശ്ശേരിയില്‍ വ്യാജ മദ്യവാറ്റു കേന്ദ്രത്തിനെതിരേ പൊലിസ് നടപടിയെടുത്ത സംഭവം ഉണ്ടായത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇങ്ങനെയുള്ള ഉദ്യോഗസ്ഥനെ മൊബൈല്‍ ലാബിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്നും ഈ ഉദ്യോഗസ്ഥനെ വിശിഷ്ടസേവാ മെഡലിന് ഉത്തരമേഖലാ ഓഫിസ് ശുപാര്‍ശ ചെയ്തെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തില്‍ ഈ ഉദ്യോഗസ്ഥന് കുറ്റക്കാരനല്ലെന്ന വാദവും ഉയരുന്നുണ്ട്. 2010 സെപ്തംബറില്‍ 26 പേരുടെ മരണത്തിനിടയാക്കിയ കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തില്‍ എക്സൈസ് വകുപ്പിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്്റ്റിസ് രാജേന്ദ്രന് നായര്‍ കമ്മിഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ദുരന്തം നടക്കുമ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് കാര്യമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട്. വിഷക്കള്ള് വില്‍ക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളിയതാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."