നിയമം ലംഘിച്ച് കെട്ടിട നിര്‍മാണം ഗായകന് എം.ജി ശ്രീകുമാറിനെതിരേ വിജിലന്‍സ് അന്വേഷണം
മൂവാറ്റുപുഴ: എറണാകുളം ബോള്‍ഗാട്ടി പാലസിനുസമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ച കേസില്‍ ഗായകന് എം.ജി ശ്രീകുമാറിനെതിരേ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹരജിയില്‍ ജഡ്ജി ഡോ. ബി. കലാംപാഷയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബോള്‍ഗാട്ടി പാലസിന്റെ ബോട്ടുജെട്ടിക്ക് സമീപം 10.086 സെന്റ് സ്ഥലം എം.ജി ശ്രീകുമാര്‍ 2010 ഓഗസ്റ്റ് 30ന് വാങ്ങി തീരദേശ പരിപാലന ചട്ടം ലംഘിച്ച് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ചെന്ന് ആരോപിച്ചാണ് ഹരജി നല്‍കിയിട്ടുള്ളത്. മുളവുകാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി സൈനബാ ബീവി നിയമവിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ 2011ല്‍ അനുവാദം നല്‍കുകയായിരുന്നുവെന്നും ഹരജിയിലുണ്ട്. മുളവുകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച കെ. പത്മിനി, പി.എം ഷെഫീക്ക്, ജെസ്സി ചെറിയാന്, കെ.വി മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ് രാജന്, സെലീമ, ആര്. മണിക്കുട്ടി, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.പി സൈനബ ബീവി എന്നിവര്‍ എതിര്‍കക്ഷികളാണ്. എം.ജി ശ്രീകുമാര്‍ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ഹരജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചു. 2018 ഫെബ്രുവരി 19നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."