മേല്‍ത്തട്ട് പരിധി: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേരളത്തില്‍ നടപ്പായില്ല
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നടപ്പായില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് മേല്‍ത്തട്ട് പരിധി ആറു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്. സാമൂഹികനീതി മന്ത്രാലയത്തിന്റെ ശുപാര്‍ശയനുസരിച്ചായിരുന്നു നടപടി. ഇതനുസരിച്ച് വാര്‍ഷികവരുമാനം എട്ടുലക്ഷം വരെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും ഉത്തരവിന് അനുബന്ധമായ നടപടിക്രമങ്ങളിലേക്ക് കടന്നെങ്കിലും സംസ്ഥാനത്ത് നടപടികളൊന്നുമുണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് ഫയല്‍നീക്കം മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
എട്ടുലക്ഷമെന്ന പരിധി കുറവാണെന്ന നിരീക്ഷണം നിലനില്‍ക്കുമ്പോഴാണ് അതുപോലും നടപ്പാക്കാതെ ഇടതു സര്‍ക്കാര്‍ പിന്നാക്കവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. മേല്‍ത്തട്ട് പരിധി 15 ലക്ഷമാക്കണമെന്നായിരുന്നു 2015ല്‍ ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ശുപാര്‍ശ ചെയ്തത്. പരിധി 20 ലക്ഷമാക്കണമെന്നായിരുന്നു അന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സാമൂഹികനീതി മന്ത്രാലയം എട്ടുലക്ഷമെന്ന ശുപാര്‍ശ നല്‍കിയത്. പിന്നീട് ഒരുവര്‍ഷത്തിനു ശേഷമാണ് ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
1993 സെപ്റ്റംബറിലാണ് ആദ്യമായി മേല്‍ത്തട്ട് പരിധി നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു അത്. പിന്നീട് 2004ല്‍ രണ്ടര ലക്ഷമാക്കി. 2008ല്‍ നാലര ലക്ഷവുമാക്കി. 2011ല്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് മേല്‍ത്തട്ട് പരിധി നഗരങ്ങളില്‍ 12 ലക്ഷവും ഗ്രാമങ്ങളില്‍ ഒന്‍പതു ലക്ഷവുമാക്കണമെന്ന് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ നാലു പ്രാവശ്യവും കേന്ദ്രത്തിന്റെ ഉത്തരവിന് അനുസരിച്ച് കേരളത്തിലും മാറ്റങ്ങള്‍ വന്നിരുന്നു. എന്നാല്‍, എട്ടുലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഫയലില്‍ പൂഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."