വിജിലന്‍സില്‍ സൈബര്‍ ഫോറന്‍സിക് സെല്‍ വരുന്നു
തിരുവനന്തപുരം: വിജിലന്‍സില്‍ സൈബര്‍ ഫോറന്‍സിക് സെല്‍ വരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി 35 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിലവില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനക്ക് ഹൈദരാബാദിലുള്ള നാഷനല്‍ ഫോറന്‍സിക് ലാബിലോ സംസ്ഥാന പൊലിസിനു കീഴിലുള്ള ലാബിലോ അയക്കാറാണ് പതിവ്. ഇത് കേസുകളുടെ അന്വേഷണം നീളാന്‍ ഇടയാക്കുന്നതിനാലാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ സമീപിച്ചത്.
തിരുവനന്തപുരത്തുള്ള വിജിലന്‍സ് ആസ്ഥാനം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ഫോറന്‍സിക് ലാബ് സ്ഥാപിക്കുന്നത്. അത്യാധുനിക ഉപകരണങ്ങള്‍ ലാബില്‍ സജ്ജീകരിക്കും.
വിജിലന്‍സിലെ ഡിവൈ.എസ്.പി മുതലുള്ള 42 ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിക്കാന്‍ സിഡാക് വിദഗ്ധ പരിശീലനം നല്‍കും. സൈബര്‍ ഫോറന്‍സിക് സെല്‍ വരുന്നതോടെ മൊബൈല്‍ ഫോണില്‍നിന്ന് ഒഴിവാക്കിയ കോളിന്റെ വിവരങ്ങള്‍, ഹാര്‍ഡ് ഡിസ്കില്‍നിന്ന് ഡാറ്റകള്‍ റിക്കവറി ചെയ്യല്‍, വിഡിയോ, ഓഡിയോ സി.ഡികളുടെ പരിശോധന എന്നിവ വേഗത്തില്‍ ലഭിക്കും.
ഈ സൗകര്യം വരുന്നതോടെ പരിശോധനാ ഫലം വിജിലന്‍സിന് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."