സര്‍ക്കാര്‍ ഡയറിയില്‍ തെറ്റുകളുടെ അഭിഷേകം തെറ്റുകള്‍ ആവര്‍ത്തിച്ച് 2018 ലെ ഡയറിയും
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പോലെ സര്‍ക്കാര്‍ ഡയറിയില്‍ ഇത്തവണയും തെറ്റുകള്‍. വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ചെയര്മാന്മാര് തന്നെയാണ് പുതിയ ഡയറിയിലും ചെയര്മാന്മാര്. പുതിയ ചെയര്മാന്മാരെ ഈ സര്‍ക്കാര്‍ വച്ചിട്ടും അക്കാര്യം ഡയറി തയാറാക്കിയവര്‍ അറിഞ്ഞിട്ടില്ല.
യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സി.പി.എമ്മിലെ പി.ബിജുവിനെ നിയമിച്ചെങ്കിലും ഡയറിയില്‍ കോണ്‍ഗ്രസ് നേതാവ് പി.എസ്.പ്രശാന്താണ് സ്ഥാനത്ത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി പള്ളിയറ ശ്രീധരനെ നിയമിച്ചെങ്കിലും നെടുമുടി ഹരികുമാര്‍ ഡയറക്ടര്‍ തന്നെ ഇപ്പോഴും.
എന്‍സൈക്ലോപീഡിയയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ.എം.ടി.സുലേഖ 2016 മെയില്‍ പടിയിറങ്ങി. ഡോ.എ.ആര്.രാജന് സ്ഥാനവുമേറ്റു. 2018 ലെ ഡയറിയിലും ഡോ.സുലേഖയാണ് ഡയറക്ടര്‍. കില ഡയറക്ടറായി ജോയ് എളമണ്‍ ചുമതലയേറ്റിട്ട് മാസങ്ങളായി. പഴയ ഡയറക്ടര്‍ ഡോ.പി.പി.ബാലനെ സര്‍ക്കാര്‍ ഡയറി ആ സ്ഥാനത്ത് നിന്ന് വിട്ടിട്ടില്ല.
ടെക്നോപാര്‍ക്കിലെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് കെ.ജി ഗിരീഷ് ബാബു സ്ഥാനമൊഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അദ്ദേഹം തുടരുകയാണെന്ന് ഡയറി പറയുന്നു.
ഇപ്പോഴത്തെ ഋഷികേശ് നായരാകട്ടെ ഡയറിക്ക് പുറത്താണ്. ഹാന്‍വീവ് ചെയര്മാന് സ്ഥാനത്ത് നിന്ന് യു.സി രാമന് 2016 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞതാണ്. ഇപ്പോഴും അദ്ദേഹം ചെയര്‍മാനായി തുടരുന്നു.
പബ്ലിക് എക്സ്പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് ഡോ ബി.എ. പ്രകാശ് 2016 മെയില്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് രണ്ട് ചെയര്മാന്മാര് മാറി. എന്നിട്ടും ഡോ.പ്രകാശ് തന്നെ ഡയറിയിലെ ചെയര്മാന്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലെപ്പ്മെന്റില് ബാബു ജേക്കബ് (പേജ് 94), കേരള സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ജോസ് സിറിയക്ക്(പേജ് 106),നാഷനല്‍ ഗെയിംസില്‍ ജേക്കബ് പുന്നൂസ് (പേജ് 109), നോര്‍ക്ക റൂട്ട്സില്‍ പി.സുദീപ് (പേജ് 110) അങ്ങനെ നീളുന്നു തെറ്റുകളുടെ കൂമ്പാരം.
എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കാണിക്കുന്ന പിടിപ്പു കേടും അനാസ്ഥയുമാണ് ഡയറി അച്ചടിയിലും കണ്ടത്. കഴിഞ്ഞ തവണയും സര്‍ക്കാര്‍ ഡയറിയില്‍ നിറയെ തെറ്റുകളായിരുന്നു.
അച്ചടിച്ച ഡയറികള്‍ ഉപേക്ഷിച്ചാണ് പുതിയവ പ്രിന്റു ചെയ്തത്. ഇത്തവണയും തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."