കെ.എ.എസിനെതിരേ സെക്രേട്ടറിയറ്റില്‍ സമരം കനക്കുന്നു
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ജീവനക്കാര്‍ പണിമുടക്കി. 5,230 ജീവനക്കാരില്‍ 623 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. ജീവനക്കാരുടെ12 ശതമാനമാണിത്.
അടുത്ത ദിവസം മുതല്‍ സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച് ഒപ്പിടല്‍ മാത്രമേ നടക്കൂവെന്നും ഭരണം നടക്കില്ലെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ.ബെന്‍സി പറഞ്ഞു. ജീവനക്കാര്‍ ആകെ നിരാശയിലാണ്. ബഹുഭൂരിപക്ഷവും ചട്ടപ്പടി സമരത്തിലാണ്. ഹൈക്കോടതിയില്‍ നടക്കുന്ന നിയമപോരാട്ടം അന്തിമവിജയം വരെ തുടരുമെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ശ്രീകുമാര്‍,സെക്രട്ടറി എസ്.എസ്. ലളിത്, ഫിനാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഗോപകുമാര്‍ പ്രസംഗിച്ചു.
പണിമുടക്കിയ ജീവനക്കാര്‍ പ്രകടനമായി പ്രധാന ഗേറ്റിനു മുന്നിലെത്തി സ്‌പെഷല്‍ റൂള്‍സിന്റെ കോപ്പി കത്തിച്ചു. കെ.എ.എസ് നടപ്പാക്കുന്നതിന് മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചതായി ജീവനക്കാര്‍ കുറ്റപ്പെടുത്തി. കെ.എ.എസ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കെ ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടില്ല.
ജീവനക്കാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുമെന്നോ ഇല്ലെന്നോ സംഘടനകളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം കെ.എ.എസ് ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നോ വിശദീകരണവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
അതേസമയം കെ.എ.എസിലെ മൂന്നുതരം നിയമനങ്ങളില്‍ രണ്ടിലും സംവരണം അനുവദിക്കാത്തതില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍(എസ്.ഇ.യു) അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണാതെ കെ.എ.എസുമായി മുന്നോട്ടുപോകരുതെന്നാണ് ജീവനക്കാരില്‍ വലിയൊരു വിഭാഗവും പറയുന്നത്. സ്‌പെഷല്‍ റൂള്‍സിന്റെ കരടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംവരണതത്വം പാലിക്കണമെന്ന ശക്തമായ ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്.
മൂന്നുതരത്തിലുള്ള നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തിന് മാത്രം സംവരണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ വരുമ്പോള്‍ കെ.എ.എസില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ആകെ കിട്ടേണ്ടതിന്റെ മൂന്നിലൊന്ന് തസ്തികകള്‍ മാത്രമേ ലഭിക്കൂ. സാധാരണ ലഭിച്ചിരുന്ന പ്രമോഷന്‍ തസ്തിക അല്ലാത്തതിനാലും പുതിയ ടെസ്റ്റും അഭിമുഖവും ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടുന്നവര്‍ക്ക് മാത്രമേ കെ.എ.എസിലേക്ക് പ്രവേശനം ലഭിക്കൂവെന്നതിനാലും സംവരണതത്വം എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് എസ്.ഇ.യു ഉള്‍പ്പെടെയുള്ള സര്‍വിസ് സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."