പാഠപുസ്തക വിതരണം: പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക സമിതി
മലപ്പുറം: പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരുന്നത്.
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം യു.ഡി.എഫ് സര്‍ക്കാര്‍ ഏറെ പ്രതിക്കൂട്ടിലായിരുന്നു. ഇക്കാര്യം പ്രചാരണായുധമാക്കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫിനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടുവാല്യങ്ങളായി അച്ചടിച്ചിരുന്ന പാഠപുസ്തകങ്ങള്‍ ഈ വര്‍ഷത്തില്‍ മൂന്ന് വാല്യങ്ങളാക്കിയിരുന്നു.
ബാലാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളുടെ ഭാരം കുറക്കാനായി നടപ്പാക്കിയ പദ്ധതി പക്ഷേ പാഠപുസ്തക വിതരണത്തെ സാരമായി ബാധിച്ചിരുന്നു.
ഓരോ ഘട്ടത്തിലേക്കും ആവശ്യമായ പുസ്തകങ്ങളുടെ ഇന്റന്റിങ്, അച്ചടി, സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കല്‍ തുടങ്ങിയ സങ്കീര്‍ണതകളാണ് കൃത്യസമയത്തുള്ള വിതരണത്തെ ബാധിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ബി.പി.എസിനാണ് സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടി, വിതരണം എന്നിവക്കുള്ള ചുമതല. അടുത്ത അധ്യയന വര്‍ഷത്തെ അച്ചടിയുമായി ബന്ധപ്പെട്ട സമയക്രമം, മറ്റ് പ്രാഥമിക നിര്‍ദേശങ്ങള്‍ എന്നിവ മാത്രമാണ് ഇതുവരെ കെ.ബി.പി.എസിന് ലഭിച്ചിട്ടുള്ളത്.
ഏതെല്ലാം ക്ലാസുകളിലേക്ക് എത്ര പുസ്തകങ്ങള്‍ വേണമെന്ന തരത്തിലുള്ള ഇന്റന്റുകള്‍ ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ഏപ്രില്‍ 15നകം സ്‌കൂളിലെത്തിക്കാനാണ് നേരത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇതിലേക്ക് ആവശ്യമായ ഒന്നരലക്ഷത്തോളം പുസ്തകങ്ങള്‍ കെ.ബി.പി.എസിന്റെ കരുതല്‍ ശേഖരത്തിലുണ്ട്. കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറക്കേ ബാക്കി പുസ്തകങ്ങള്‍ അച്ചടിക്കാനാവൂ.
അച്ചടി കൃത്യമായി നടന്നാലും വിതരണം വൈകുന്ന സാഹചര്യവുമുണ്ട്. ഇതിനുള്ള സാങ്കേതിക കാരണങ്ങള്‍ കണ്ടെത്താന്‍കൂടിയാണ് ആറംഗങ്ങളുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്. പാഠപുസ്തക വിതരണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍, വിതരണ ചാര്‍ജ് തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കുന്ന സമിതി 2018 ജനുവരി 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."