സോളാര്‍: സരിതക്കും ഗണേഷിനുമെതിരേ ഫെനി ബാലകൃഷ്ണന്‍
കൊട്ടാരക്കര: സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കും കെ.ബി ഗണേഷ് കുമാറിനുമെതിരേ സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.
സോളാര്‍ കമ്മിഷന്‍ മുന്‍പാകെ സരിത നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതി ചേര്‍ത്തതാണെന്നാരോപിച്ച് മുന്‍ ജില്ലാ ഗവ.പ്ലീഡര്‍ സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹരജിയിലാണ് ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്.
സുധീര്‍ ജേക്കബിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫെനി ബാലകൃഷ്ണന്റെ മൊഴി. കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ 25 പേജുള്ള കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍വച്ച് ഫെനി കൈപ്പറ്റുമ്പോള്‍ 21 പേജേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആ കത്ത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജിനെ ഏല്‍പ്പിക്കുകയായിരുന്നു. ശരണ്യാ മനോജും ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാറും ചേര്‍ന്ന് 4 പേജുള്ള ഒരു ഡ്രാഫ്റ്റ് തയാറാക്കി സരിതയെ ഏല്‍പ്പിച്ചു. സരിത അന്നുതന്നെ നാല് പേജ് കൂടി തിരുവനന്തപുരത്തെ വസതിയില്‍വച്ച് എഴുതി ചേര്‍ക്കുകയായിരുന്നു. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതാണ് ഇങ്ങനെ ചെയ്യുന്നതിന് പ്രേരണയായതെന്നും ഫെനി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ മൊഴി നല്‍കി.
സോളാര്‍ കേസില്‍ തുടക്കം മുതല്‍ സരിത ബ്ലാക്ക്‌മെയിലിങ്ങാണ് നടത്തിയിട്ടുള്ളത്. ശരണ്യാ മനോജടക്കമുള്ളവരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ഇത് കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സീസണ്‍ അനുസരിച്ച് ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരേയും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാം.സരിതയുടെ താളത്തിനൊത്ത് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ അവരുടെ വക്കാലത്തില്‍നിന്നു പിന്മാറിയതെന്നും ഫെനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."