ഓഖി ഫണ്ട് പിരിവിനെതിരേ പരസ്യ വിമര്‍ശനം; പൊലിസുകാരനെതിരേ അന്വേഷണം
കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് പിരിവിനെതിരേ പരസ്യമായി പരാമര്‍ശം നടത്തിയ പൊലിസുകാരനെതിരേ അന്വേഷണം.
കുമരകം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ക്കെതിരേയാണ് ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി സഖറിയ മാത്യു ആരോപണ വിധേയനായ പൊലിസുകാരനെയും സാക്ഷികളായ പൊലിസുകാരെയും വിളിച്ചു വരുത്തി മൊഴിയെടുത്തു.ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം സംഭാവന നല്കാന് തയാറുള്ള തുക എത്രയെന്ന് എഴുതി നല്‍കണം.
ഇല്ലെങ്കില്‍ രണ്ടു ദിവസത്തെ ശമ്പളം സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വകയിരുത്തും. ഇതിനെതിരേയാണ് പൊലിസുകാരന് പരസ്യമായി പ്രതിഷേധിച്ചത്. 'ഭരണമുള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഇവര്‍ പിരിവ് നടത്തുകയാണ്. ഭരിക്കാനറിയില്ലെങ്കില്‍ രാജിവച്ച് പുറത്തുപോകൂ'- ഇതായിരുന്നു പൊലിസുകാരന്റെ പരാമര്‍ശം. ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്കി.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി വിശദമായ അന്വേഷണത്തിന് ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷം ജില്ലാ പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്കുമെന്നു ഡിവൈ.എസ്.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."