മുജാഹിദ് സമ്മേളനം ഗ്രൂപ്പ്തര്‍ക്കത്തില്‍ അതൃപ്തി അറിയിച്ച് ഹുസൈന്‍ മടവൂര്‍ വിട്ടുനിന്നു
മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഒരുവിഭാഗത്തെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു മുതിര്‍ന്ന നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ വിട്ടുനിന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നേതൃത്വത്തോട് തന്റെ അതൃപ്തി അറിയിച്ച് ഹുസൈന്‍ മടവൂരും മടവൂര്‍ വിഭാഗത്തിലെ ഉന്നതരും വിട്ടുനില്‍ക്കുകയായിരുന്നു. സമ്മേള നഗരിയിലെ ജുമുഅയില്‍ പങ്കെടുക്കാതെ പോയ മടവൂര്‍ പരപ്പനങ്ങാടിയിലെ സലഫി മസ്ജിദില്‍ ജുമുഅക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഇന്നലെ നഗരിയില്‍ പ്രധാന സെഷനുകള്‍ നടക്കവേ, നേതൃത്വം പലതവണ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മാറിനില്‍ക്കുകയായിരുന്നു.
ലയന ശേഷം നടക്കുന്ന ആദ്യസമ്മേളനത്തിലും പഴയ മടവൂര്‍ വിഭാഗത്തെ അവഗണിക്കുന്നതായാണ് ഭാരവാഹികള്‍ ഉള്‍പ്പെടെ പരാതി പറയുന്നത്. ഇരുവിഭാഗവും നേരത്തെ നടത്തിവന്ന പ്രസിദ്ധീകരണങ്ങള്‍, വിവിധ സംരംഭങ്ങള്‍ എന്നിവ ലയന ശേഷവും തുടര്‍ന്നുവരുന്നുണ്ടെങ്കിലും സമ്മേളന നഗരിയില്‍ മടവൂര്‍ വിഭാഗത്തിന് ആധിപത്യമുള്ള സംരംഭങ്ങള്‍ക്ക് വിലക്കാണ്. സമ്മേളന നഗരിയിലെ ഇസ്‌ലാമിക് ബുക്ക് ഫെയറിലെ കെ.എന്‍.എം ബുക്‌സില്‍ മടവൂര്‍ വിഭാഗത്തിന് ആഭിമുഖ്യമുള്ള യുവതയുടെ പുസ്തകങ്ങളും വില്‍പനക്കുണ്ട്.
എന്നാല്‍, യുവതക്ക് പ്രത്യേകം ബോര്‍ഡ് അനുവദിച്ചിട്ടില്ല. ഇതുപോലെ ശബാബ്, പുടവ പ്രസിദ്ധീകരണങ്ങള്‍ക്കും പ്രചാരണമില്ല. അതേസമയം, ഔദ്യോഗിക വിഭാഗം പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രത്യേകം ബോര്‍ഡുകളുണ്ട്. മടവൂര്‍ വിഭാഗം ആരംഭിച്ചിരുന്ന ചാരിറ്റി സംഘടനയായ ഫോക്കസിനും വര്‍ത്തമാനം ദിനപത്രത്തിനും കൗണ്ടര്‍ അനുവദിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. പരാതി പറഞ്ഞപ്പോള്‍ സ്ത്രീകളുടെ ഭാഗത്ത് കൗണ്ടര്‍ നല്‍കി ഒതുക്കിയെന്നു മടവൂര്‍ വിഭാഗം പറയുന്നു.
സമ്മേളന വേദിയില്‍ പ്രബന്ധം അവതരിപ്പിക്കേണ്ട ഔദ്യോഗിക വിഭാഗം നേതാക്കളെ സ്വാഗതസംഘം നേരത്തെ വിളിച്ചു സാന്നിധ്യം ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍, മടവൂര്‍ ഗ്രൂപ്പിലെ പ്രമുഖര്‍ക്കടക്കം പ്രത്യേക നിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ സമ്മേളന കാര്യപരിപാടി നോക്കി അതത് സെഷനില്‍ വലിഞ്ഞെത്തേണ്ട അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ഔദ്യോഗിക വിഭാഗത്തെ ചില നേതാക്കളുടെ അജണ്ടകളാണ് ഇതിനു പിന്നിലെന്നാണ് മറുഭാഗം പറയുന്നത്.
നിരന്തരം തുടരുന്ന അവഗണന നേതൃത്വത്തെ നേരിട്ട് അറിയിച്ചാണ് വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ ഹുസൈന്‍ മടവൂര്‍ ഇന്നലെ രാവിലെ സമ്മേളന നഗരിയില്‍നിന്ന് ഇറങ്ങിപ്പോയത്. നേതാക്കളെല്ലാം ഇന്നലെ സമ്മേളന നഗരിയിലാണ് ജുമുഅ നിസ്‌കരിച്ചത്. എന്നാല്‍, പരിസരത്ത് മറ്റെവിടെയെയെങ്കിലും പള്ളിയില്‍ ജുമുഅക്ക് പങ്കെടുക്കാമെന്നു മടവൂര്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇതനുസരിച്ചാണ് പരപ്പനങ്ങാടി സലഫി മസ്ജിദിലെത്തിയത്. പള്ളി ഭാരവാഹികളുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹം അവിടെ നിസ്‌കാരത്തിനു നേതൃത്വവും നല്‍കി.
സമ്മേളന നഗരിയില്‍ ഉച്ചക്ക് ശേഷം മുന്‍കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉള്‍പ്പടെയെത്തിയപ്പോഴും നേതാക്കള്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഹുസൈന്‍ മടവൂര്‍ സമ്മേളന നഗരിയില്‍ എത്തിയില്ല. സംഭവം വിവാദമായതോടെ രാത്രി വൈകിയാണ് അദ്ദേഹം വേദിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."